തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ലോ പ്രഷര്‍ (ന്യൂനമര്‍ദം) രൂപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
കേരളത്തില്‍ പ്രളയത്തിനു കാരണമായ ന്യൂനമര്‍ദം രൂപപ്പെട്ട അതേ സ്ഥലത്തും ദിശയിലുമാണ് ഇന്നലെ ഉടലെടുത്ത ന്യൂനമര്‍ദവും സഞ്ചരിക്കുക. എന്നാല്‍ കാറ്റിന്റെ ദിശ കൂടി വ്യക്തമായാലേ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടോ ഇല്ലെയോ എന്ന് വ്യക്തമാകൂ.
വടക്കന്‍ ആന്‍ഡമാന്‍ കടലിന് സമീപത്താണിത്. അടുത്ത 24 മണിക്കൂറില്‍ വെല്‍മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആകാനാണ് സാധ്യത. സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തിലായി രൂപപ്പെട്ട ലോ പ്രഷര്‍ ശക്തിയാര്‍ജിച്ച് ഡിപ്രഷനായി അടുത്ത 72 മണിക്കൂറില്‍ വടക്കു വടക്കുപടിഞ്ഞാറ് ദിശയില്‍ ഒഡീഷ തീരം ലക്ഷ്യവച്ച് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് ഈ മാസം 12 വരെ അറബിക്കടലിലെ മേല്‍പറഞ്ഞ ഭാഗങ്ങളിലും 11 വരെ ബംഗാള്‍ ഉള്‍ക്കടലിലെ ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അറബിക്കടലിലെ ഡിപ്രഷന്‍ എത്രയും വേഗം ഡീപ് ഡിപ്രഷനാകാനും തുടര്‍ന്ന് ചുഴലിക്കാറ്റാകാനുമാണ് സാധ്യത. ഇന്നലെ ഉച്ചയ്ക്ക് രണ്ടരവരെയുള്ള ആറു മണിക്കൂറില്‍ 14 കി.മി വേഗത്തിലാണ് ഡിപ്രഷന്‍ സഞ്ചരിക്കുന്നത്.
ഒമാനിലെ സലാലയില്‍ നിന്ന് കിഴക്ക്‌തെക്ക്കിഴക്ക് ദിശയില്‍ 1280 കി.മി ഉം യമനിലെ സോകോത്ര ദ്വീപില്‍ നിന്ന് കിഴക്ക്‌തെക്ക്കിഴക്ക് ദിശയില്‍ 1180 കി.മി ഉം ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ 980 കി.മി അകലെയുമാണ് ഡിപ്രഷന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറില്‍ ഇത് ലുബാന്‍ ചുഴലിക്കാറ്റായിമാറി 3 ദിവസത്തിനകം സലാല തീരത്തേക്ക് നീങ്ങാനാണ് സാധ്യത.