X
    Categories: indiaNews

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്ത; സംസ്ഥാനങ്ങള്‍ക്ക് 12000 കോടി വായ്പ

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്‌കരിച്ച അവധിയാത്രാബത്തയും മുന്‍കൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചത്. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരിഷ്‌കരിച്ച അവധിയാത്രാബത്ത അനുസരിച്ച് ലീവ് എന്‍ക്യാഷ്മെന്റ് തുകയും ടിക്കറ്റ് നിരക്കിന് മൂന്ന് മടങ്ങുളള തുകയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കാം. 12 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാണ് അനുവദിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. പലിശരഹിത ഉത്സവബത്തയായി പതിനായിരം രൂപയാണ് മുന്‍കൂറായി നല്‍കുക. ഒറ്റത്തവണയുളള ഈ ആനുകൂല്യം പത്ത് തവണകളായി തിരിച്ചടച്ചാല്‍ മതി. പ്രീപെയ്ഡ് റുപേ കാര്‍ഡിന്റെ രൂപത്തിലാണ് പണം നല്‍കുക. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീമിനായി 5,675 കോടിയാണ് നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക. മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്.

ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും. വൈകീട്ട് നടക്കുന്ന ജിഎസ്ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

chandrika: