ചക്കരക്കല്‍: പരീക്ഷ ഭവന്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ ഫലം പ്രഖ്യാപിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്‍.എസ്.എസ് പരീക്ഷയും ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എസ് പരീക്ഷയുമാണ് നടത്തുന്നത്. 60 ശതമാനമോ അതിന് മുകളിലോ സ്‌കോര്‍ ലഭിക്കുന്നവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടും. ഉപജില്ലയില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ ആര്‍ക്കും നിശ്ചിത സ്‌കോര്‍ ലഭിക്കുന്നില്ലെങ്കില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ഓരോ കുട്ടിയെ വീതം സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. എല്‍.എസ്.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞിട്ട് രണ്ട് മാസമായി. യു.എസ്.എസ് പരീക്ഷ ഒ.എം.ആര്‍ രീതിയിലായതിനാല്‍ തിരുവനന്തപുരം പരീക്ഷാഭവനിലാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.
സ്‌കോളര്‍ഷിപ്പ് തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളര്‍ഷിപ്പില്‍നിന്നാണ് വിതരണം ചെയ്യുന്നത്. അടുത്ത പരീക്ഷക്ക് അപേക്ഷ ക്ഷണിക്കാന്‍ സമയമായിട്ടും ഫലം പ്രഖ്യാപിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. വര്‍ഷംതോറും പരീക്ഷ നടത്തിയിട്ടും എല്‍.എസ്.എസ് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ല.
എല്‍.എസ്.എസ് പരീക്ഷയെഴുതി വിജയിച്ച വിദ്യാര്‍ഥികളില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ലെന്ന പരാതി ഏറെയാണ്. എല്‍.എസ്.എസ് പരീക്ഷ പാസാവുന്ന കുട്ടിക്ക് 1000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. പരീക്ഷയുടെ കോച്ചിങ്ങിനും മറ്റുമായി ഇതില്‍ കൂടുതല്‍ തുക ചെലവാക്കിയിട്ടും അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് തുക പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്.