പരീക്ഷാഭവന്‍ നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയായ നാലാം തരത്തിലെ എല്‍എസ്എസ്, ഏഴാം തരത്തിലെ യുഎസ്എസ് പരീക്ഷകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം. അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഈ വര്‍ഷത്തെ പരീക്ഷകളെ സംബന്ധിച്ച് ഇതുവരെ വിജ്ഞാപനം വന്നിട്ടില്ല.
മുന്‍കാലങ്ങളില്‍ ഡിസംബര്‍ മാസം നോട്ടിഫിക്കേഷന്‍ ഇറങ്ങുകയും പാദ, അര്‍ദ്ധവാര്‍ഷിക പരീക്ഷകളെ അടിസ്ഥാനമാക്കി ജനുവരി മാസം കുട്ടികളെ തെരഞ്ഞെടുക്കുകയും സ്‌കൂള്‍ അധികൃതര്‍ വിവരങ്ങള്‍ സൈറ്റില്‍ ചേര്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് ജനുവരി വരെയുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി അവസാനം പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കുകയുമാണ് പതിവ്. ലോക്ഡൗണ്‍ സാഹചര്യത്തിലും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ തവണ കോവിഡ് സാഹചര്യത്തില്‍ പലതവണ മാറ്റിവെച്ച പരീക്ഷ സ്‌കൂള്‍ തുറന്ന് ഒരു മാസം പിന്നിട്ട് ഡിസംബര്‍ മാസമാണ് നടന്നത്. അഞ്ചാം തരത്തിലെ പഠനത്തോടൊപ്പം നാലാംതരത്തിലെ എല്‍എസ്എസ് കൂടി ശ്രമിക്കേണ്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ വര്‍ഷം. അതിന്റെ മൂല്യനിര്‍ണയം തൊട്ടടുത്ത ആഴ്ച തന്നെ പൂര്‍ത്തിയായെങ്കിലും ഇതുവരെ സ്‌കോളര്‍ഷിപ്പ് നേടിയവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഈ വര്‍ഷത്തെ പരീക്ഷ സംബന്ധിച്ച് വിജ്ഞാപനം ഇല്ലാത്തതിനാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും തയ്യാറെടുക്കാനുള്ള അവസരമാണ് ഇവര്‍ക്ക് നഷ്ടപ്പെടുന്നത്. വിജ്ഞാപനം ഇറങ്ങാത്തത് അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്നു.
വേനലവധിക്ക് ഒരു തരത്തിലുള്ള ക്ലാസും പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ പ്രത്യേക പരിശീലനം നല്‍കുന്നതിനെയും ബാധിക്കും. മെയ് മാസത്തിനകം പരീക്ഷ നടപടികള്‍ തീര്‍ന്നില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികളും അഞ്ച്, എട്ട് ക്ലാസിലെ പഠനത്തോടൊപ്പം എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തയ്യാറെടുപ്പുകള്‍ നടത്തേണ്ടിവരും. ഇത് കുട്ടികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കപ്പെടുന്നത്.