X

തോറ്റുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍-എഡിറ്റോറിയല്‍

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ചുമതല ഡോ. സിസ തോമസിനു നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പിണറായി സര്‍ക്കാറിന് കോടതിയില്‍നിന്ന് വീണ്ടും തിരിച്ചടിയേറ്റിരിക്കുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കെ തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ് സര്‍ക്കാര്‍ കോടതിയില്‍ നിന്ന് ഏറ്റുവാങ്ങിയിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറെ സുപ്രീംകോടതി പുറത്താക്കിയതും ഫിഷറീസ് സര്‍വകലാശാലാ വൈസ്ചാന്‍സലറെ ഹൈക്കോടതി പുറത്താക്കിയതും കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസര്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയുമാണ് ഇതിനുമുമ്പ് സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍നിന്നുമായി സര്‍ക്കാര്‍ നേരിട്ട തിരിച്ചടികള്‍. ഈ പരാജയങ്ങള്‍ പിണറായി സര്‍ക്കാറിനെ സംബന്ധിച്ചടുത്തോളം നിയമപരം മാത്രമല്ല രാഷ്ട്രീയപരവും കൂടിയാണ്. സര്‍വകലാശാലകളിന്‍മേല്‍ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്കെതിരെ ഒരു ഭാഗത്ത് സര്‍ക്കാര്‍ നിയമപരമായി നടത്തുന്ന നീക്കങ്ങള്‍ക്കുപുറമേ മറുഭാഗത്ത് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തെരുവില്‍ പ്രക്ഷോഭങ്ങളും നടന്നുകൊണ്ടിരിക്കുകയായിരുന്നു. കോടതിയുടേയും പൊതുജനത്തിന്റെയുമെല്ലാം കണ്ണില്‍പൊടിയിടാനുള്ള ഈ ചെപ്പടി വിദ്യകള്‍ പക്ഷേ വിലപ്പോകുന്നില്ലെന്നു മാത്രം.

സാങ്കേതിക സര്‍വകലാശാല വി.സിയെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഏറ്റവും വൃത്തികെട്ട നീക്കങ്ങളാണ് സര്‍വകലാശാലാ ആസ്ഥാനത്ത് സര്‍ക്കാറിന്റെ ആസൂത്രണത്തില്‍ സി.പി.എം പോഷക സംഘടനകളും ഇടതു അനുകൂല സംഘടനകളും ചേര്‍ന്ന് നടത്തിയിരുന്നത്. വൈസ് ചാന്‍സലര്‍ ചുമതലയേല്‍ക്കുന്നത് തടയാന്‍ ശ്രമിക്കുകയും അതു വിലപ്പോവാതെ വന്നപ്പോള്‍ അദ്ദേഹത്തോട് നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു എസ്.എഫ്.ഐയും ചില സര്‍വീസ് സംഘടനകളും. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സംസ്ഥാനത്തെ സാധാരണ പൗരന്റെ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണ്. ‘ഭരണഘടനാ ചുമതലയുള്ള ഉന്നതസ്ഥാനം വഹിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കം പരസ്യപ്രകടനമാകുമ്പോള്‍ വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ വിദഗ്ധരിലുമുണ്ടാകുന്ന ആഘാതങ്ങള്‍ വിലയിരുത്തണം.

നൂതന ആശ്യങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കൊണ്ട് ലോകമെങ്ങും സര്‍വകലാശാലകള്‍ മുന്നേറുകയാണ്. ഒരു വട്ടം കീര്‍ത്തി നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’. ഇത്രയും പറഞ്ഞ കോടതി ചുമതലയേറ്റെടുത്തതുമുതല്‍ ഒരു വിഭാഗം ജീവനക്കാരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണെന്നും ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ വരെ കെട്ടിക്കിടക്കുകയുമാണെന്നുള്ള വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് അറിയിച്ചതും ചൂണ്ടിക്കാട്ടുകയുണ്ടായി.

സര്‍വകലാശാലാകളെ കരുവാക്കി ഗവര്‍ണറും സര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്ന ഈ ചക്കളത്തിപ്പോരില്‍ മലയാളികളെ അസ്വസ്തമാക്കുന്നത് കോടതി നടത്തിയ ഈ നിരീക്ഷണങ്ങള്‍ മാത്രമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇക്കണ്ട പദവികളിലേക്കെല്ലാം സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ കണ്ണുമടച്ച് ഒപ്പിട്ടു നല്‍കിയത് ഈ ഗവര്‍ണര്‍ തന്നെയാണെന്നതും ഇരുകൂട്ടരും തമ്മിലുള്ള ഇടപാടുകളിലുണ്ടായ തര്‍ക്കമാണ് നിലവിലെ നിയമ വ്യവഹാരങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുമെല്ലാം കാരണമെന്നും പകല്‍ പോലെ വ്യക്തമാണ്. പക്ഷേ ഈ വ്യാജ ഏറ്റുമുട്ടലിലൂടെ ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ പ്രതീക്ഷകളുമാണ് പന്താടപ്പെടുന്നത് എന്നതാണ് പ്രശ്‌നം.

ആരോപണ പ്രത്യാരോപണങ്ങള്‍ കുട്ടികളെയാണു ബാധിക്കുന്നതെന്നും രാജ്യത്തിന്റെ മൂലക്കല്ലായ സാങ്കേതിക വിദ്യാഭ്യാസം കേരളത്തില്‍ ഈ സര്‍വകലാശാലയുടെ കീഴിലാണെന്നുമുള്ള കോടതിയുടെ ഓര്‍മപ്പെടുത്തലെങ്കിലും മുഖവിലക്കെടുക്കാനുള്ള കനിവ് പിണറായി സര്‍ക്കാറിനുണ്ടാവുമെന്ന് കരുതിയവര്‍ക്കും തെറ്റിയിരിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ അവര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തുസംഭവിച്ചാലും തങ്ങളുടെ ഭാഗം വിജയിക്കണമെന്ന നിലപാടില്‍ തന്നെയാണ് ഇരുകൂട്ടരും. ഏതായാലും ഒന്നുറപ്പാണ്. ഒരു തലമുറയുടെ സ്വപ്നങ്ങളുടെ മേല്‍ റീത്തുവെച്ചുകൊണ്ടിരിക്കുന്ന ഈ ഗവര്‍ണറും സര്‍ക്കാറും തലമുറകളോട് മാപ്പു പറയേണ്ടിവരികതന്നെ ചെയ്യും.

Test User: