കൊച്ചി: അവശ്യസാധനങ്ങള്‍ക്ക് വില ഉയരുന്നതിനിടെ പാചകവാതക വിലയിലും വന്‍ വര്‍ധന. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148.50 രൂപയുമാണ് ഉയര്‍ന്നത്. സബ്‌സിഡിയുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ഇതോടെ 750 രൂപയായി ഉയര്‍ന്നു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764.50 രൂപയായി. അതേസമയം വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടറിന് 1388 രൂപ ഉയര്‍ന്നു. എന്നാല്‍ സബ്‌സിഡി ഉള്ളവര്‍ക്കു വിലവര്‍ധന ബാധകമാകില്ല. ഉയര്‍ത്തിയ വില അതതു ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്ന് പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അറിയിച്ചു.
എല്ലാവര്‍ക്കും പാചകവാതകം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പദ്ധതിയിലുള്‍പ്പെട്ട് സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു കനത്ത തിരിച്ചടിയാണ് വില വര്‍ധനവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസവും സമാനരീതിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 65 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 105 രൂപയുമാണ് ഉയര്‍ത്തിയത്.