X

ശമ്പളം കുറവ്; ഐഐടി വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയിൽ ചേരാൻ താത്പര്യം കുറവെന്ന് എസ് സോമനാഥ്

വേതനം കുറവായതു മൂലം രാജ്യത്തെ പ്രശസ്ത എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന്, പ്രത്യേകിച്ചും ഐഐടിയില്‍ നിന്ന് ഐഎസ്ആര്‍ഒയില്‍ ചേരാന്‍ യുവപ്രതിഭകളെ ലഭിക്കുന്നില്ലെന്ന് ചെയര്‍മാന്‍ ഡോ എസ്. സോമനാഥ്. ”മികച്ച എഞ്ചീനിയര്‍മാരെ ആയിരിക്കണമല്ലോ ഞങ്ങള്‍ക്ക് ലഭിക്കേണ്ടത്.

ഈ മികച്ച പ്രതിഭകള്‍ ഐഐടിയില്‍ നിന്നുള്ളവരാണ് എന്നാണല്ലോ പൊതുവേയുള്ള ധാരണ. പക്ഷേ ഇവരില്‍ ഭൂരിഭാഗവും ഐഐടിയില്‍ ചേരുന്നില്ല. ഞങ്ങള്‍ നേരിട്ട് പോയി ഐഐടിയില്‍ റിക്രൂട്ട്‌മെന്റ് നടത്തിയാലും അവര്‍ വരില്ല. ബഹിരാകാശ സംബന്ധിയായ വിഷയങ്ങളോട് വളരയധികം താത്പര്യമുള്ള ചെറിയൊരു വിഭാഗം ഐഐടി വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഐഎസ്ആര്‍ഒയില്‍ ചേരുന്നത്. ഇത് കേവലം ഒരു ശതമാനം മാത്രം ആയിരിക്കും”, മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്. സോമനാഥ് പറഞ്ഞു.

എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ തന്റെ ടീം രാജ്യത്തെ ഒരു ഐഐടിയില്‍ ചെന്നപ്പോള്‍ സംഭവിച്ച കാര്യവും ഐഎസ്ആര്‍ഒ മേധാവി പങ്കുവെച്ചു. ”ഞങ്ങളുടെ ടീം വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ ഐഎസ്ആര്‍ഒയിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും വിശദീകരിച്ചു. അതിനു ശേഷം ശമ്പളത്തെക്കുറിച്ചും സംസാരിച്ചു. എന്നാല്‍ ഐഎസ്ആര്‍ഒയില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുല്‍ വേതനം ലഭിക്കുന്ന മറ്റു കമ്പനികളെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി അറിയാം. ഐഎസ്ആര്‍ഒ ടീമിന്റെ അവതരണത്തിനു ശേഷം, അവിടെയുണ്ടായിരുന്ന 60 ശതമാനം പേരും ഇറങ്ങിപ്പോയി”, എസ്. സോമനാഥ് കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷേ ഐഎസ്ആര്‍ഒയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം, ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു കമ്പനികളില്‍ തുടക്കത്തില്‍ തന്നെ ലഭിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ശമ്പളം 2.5 ലക്ഷം രൂപയാണെന്ന് ബിസിനസ് ടൈക്കൂണ്‍ ആയ ഹര്‍ഷ് ഗോയങ്ക കഴിഞ്ഞ മാസം ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു. ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു കമ്പനികളില്‍ ലഭിക്കുന്ന ശരാശരി പ്ലേസ്മെന്റ് പാക്കേജാണ് ഇത്. ഐഎസ്ആര്‍ഒയിലെ വ്യത്യസ്ത തസ്തികകളില്‍ വ്യത്യസ്ത ശമ്പള ഘടനയാണുള്ളത്. ഇവിടുത്തെ എന്‍ജിനീയര്‍മാര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം ഏകദേശം 56,100 രൂപയാണ്.

ഐഐടി വിദ്യാര്‍ത്ഥികള്‍ ശമ്പളത്തിന് മുന്‍ഗണന നല്‍കുന്ന പ്രവണത ചന്ദ്രയാന്‍-3 യുടെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് എംപി ശശി തരൂരും ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് എസ്. സോമനാഥ് പഠിച്ചതെന്നും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പലരും തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് (സിഇടി) ബിരുദം നേടിയവരാണെന്നും തരൂര്‍ പറഞ്ഞു. ചന്ദ്രയാന്‍ -3 യുടെ വിജയത്തില്‍ സിഇടിയില്‍ പഠിച്ച ഏഴ് എഞ്ചിനീയര്‍മാരെങ്കിലും പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk14: