X

ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെട്ടേക്കും; ശനി വരെ ശക്തമായ മഴക്ക് സാധ്യത

കോഴിക്കോട്: ഒഡിഷക്ക് സമീപം വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതോടെ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്.
അടുത്ത 24 മണിക്കൂറിനകം ഇത് വീണ്ടും ശക്തിപ്പെട്ട് വെല്‍ മാര്‍ക്ക്ഡ് ലോ പ്രഷര്‍ ആകാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച വരെ കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടന്ന് കേരള വെതെര്‍ കാലാവസ്ഥാ പ്രവചന വിഭാഗം നിരീക്ഷിക്കുന്നു. എന്നാല്‍ പ്രളയഭീഷണിക്ക് കാരണമാകുന്ന മഴ ഈ ഘട്ടത്തിലുണ്ടാവാന്‍ സാധ്യത കാണുന്നില്ല.

ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഈ ജില്ലകളില്‍ ശക്തമായ മഴ പെയ്യും. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക. മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും ചില ദിവസങ്ങളില്‍ അതിശക്തമായ മഴയും പ്രതീക്ഷിക്കാം. പശ്ചിമഘട്ട മേഖലകളില്‍ മഴ ശക്തിപെടാനാണ് സാധ്യത. ചുരുങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. നിലവില്‍ തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന ശക്തമായ മഴക്ക് സാധ്യതയില്ല. കനത്ത മഴ രണ്ടു മണിക്കൂര്‍ വരെ തുടരാം. പിന്നീട് അല്‍പം ഇടവേള ലഭിക്കും.
എന്നാല്‍, പശ്ചിമഘട്ടത്തോട് ചേര്‍ന്ന് ഒറ്റപ്പെട്ട ശക്തയായ മഴക്ക് സാധ്യതയുള്ളതിനാല്‍ പുഴകളില്‍ ജലനിരപ്പ് ഉയരും. ഈമാസം സാമാന്യം നല്ല മഴയാണ് പ്രതീക്ഷിക്കുന്നത്. മഴക്കാലം ഒക്ടോബര്‍ പകുതി വരെ നീണ്ടു നില്‍ക്കുമെന്നാണ് സൂചന.

കഴിഞ്ഞ മാസം രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തില്‍ ഒഡീഷയിലും ബംഗാള്‍ തീരത്തും ഇതിനകം തന്നെ കനത്ത മഴ പെയ്തത്. തെക്ക്, പടിഞ്ഞാറ് ഒഡീഷയിലെ പല ഭാഗങ്ങളിലും തനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും പ്രളയവും അനുഭവപ്പെട്ടിരുന്നു. പുതുതായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍കടലിലെ തീരപ്രദേശങ്ങളില്‍ കടുത്ത ഉത്കണ്ഠയാണ് ഉയര്‍ത്തുന്നത്.

chandrika: