X

തണുപ്പ് തുടരും; മഴക്കും കാറ്റിനും സാധ്യത; രോഗം പടര്‍ത്തുന്ന കാലാവസ്ഥ

ഇടുക്കിയിലെ മൂന്നാറില്‍ നിന്നുമുള്ള ദൃശ്യം


കോഴിക്കോട്: കേരളത്തില്‍ അനുഭവപ്പെടുന്ന തണുപ്പ് ഫെബ്രുവരി അഞ്ച് വരെ തുടരും. കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് സാധാരണ നിലയില്‍ നിന്ന് രാത്രികാല താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുക. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രാത്രി താപനില 2.9 ഡിഗ്രിവരെ കുറയും. കോഴിക്കോട് 1.2 ഡിഗ്രിയും കണ്ണൂരില്‍ 0.4, തിരുവനന്തപുരം 0.9 ഡിഗ്രി കുറഞ്ഞു.


തണുപ്പും രാത്രിയിലെ മഞ്ഞും അസുഖം വരുത്തുന്ന കാലാവസ്ഥയാണ് സൃഷ്ടിക്കുക. പകല്‍ താപനില പരമാവധി 34 ഡിഗ്രിവരെയാണ് പ്രതീക്ഷിക്കുന്നത്. മിക്ക ജില്ലകളിലും ഇത് 3233 ആയിരിക്കും. എന്നാല്‍ ആര്‍ദ്രതയില്‍ ഉണ്ടായ വ്യതിയാനം അസുഖങ്ങള്‍ക്ക് കാരണമാക്കുമെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയത്ത് ആര്‍ദ്രത 65 ശതമാനവും കോഴിക്കോട് 70, പാലക്കാട് 75, കൊച്ചി 73, കരിപ്പൂര്‍ 51, കണ്ണൂര്‍ 59 എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആര്‍ദ്രത കുറയുന്നതിനാല്‍ പകല്‍ചൂട് അസഹ്യമായി തോന്നും. രാത്രിയിലെ മഞ്ഞും തണുപ്പും ഏല്‍ക്കുമ്പോള്‍ പനി, ജലദോഷം, കഫക്കെട്ട്, വരണ്ട ചുമ എന്നിവക്ക് കാരണമാകും. അതിനാല്‍ രാത്രികാലത്ത് പുറത്തിങ്ങുമ്പോള്‍ വായും മൂക്കും ചെവിയും മൂടിക്കെട്ടുകയും നെഞ്ച് തണുക്കാതരിക്കാന്‍ ജാക്കറ്റ് ഉപയോഗിക്കുകയും ചെയ്യണം. ഈമാസം 28 വരെ മുന്‍ കരുതല്‍ സ്വീകരിക്കണം.


ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഈ മാസം 28നും 29നും തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കും ചിലയിടങ്ങളില്‍ ചാറ്റല്‍മഴക്കും സാധ്യത. കിഴക്കന്‍ കാറ്റിന്റെ സ്വാധീനമാണ് മഴക്ക് കാരണമാകുക. 28, 29 നും തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം. എറണാകുളം മുതല്‍ കോട്ടയം വരെയുഴള്ള ജില്ലകളില്‍ ചാറ്റല്‍മഴ പ്രതീക്ഷിക്കാം. വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും. തെക്കന്‍ കേരളത്തിലെയും കന്യാകുമാരി മേഖലയിലെയും കടല്‍ തീരത്ത് ഇന്നു മുതല്‍ മണിക്കൂറില്‍ 60 കി.മി വേഗത്തില്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ 4050 കി.മി ആയിരിക്കും വേഗത. ശ്രീലങ്കക്ക് സമീപത്തെ ന്യൂനമര്‍ദമാണ് കാറ്റിന് സാധ്യത. ന്യൂനമര്‍ദം ഉടലെടുത്ത മേഖലയിലെ മത്സ്യബന്ധനം നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലെ തെക്കന്‍ മേഖലക്ക് സമീപം ന്യൂനമര്‍ദം രൂപംകൊണ്ടു. ഇന്നലെ ഉച്ചയോടെയാണ് ലോ പ്രഷര്‍ രൂപം കൊണ്ടത്.
ശ്രീലങ്കക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും ഇടയിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ ഉയരത്തിലാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഇത് ശക്തിപെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. ശ്രീലങ്ക വരെ മാത്രമേ ന്യൂനമര്‍ദത്തിന്റെ സ്വാധീനം ഉണ്ടാകൂ. അതിനാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇതിനെ പേടിക്കേണ്ട സാഹചര്യം ഇല്ല.

chandrika: