X

ന്യൂനമർദ്ദം; ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴയും; രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്‌

ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തമായ ന്യൂന മർദ്ദം രൂപപ്പെട്ടു.  ഇതിനെ തുടർന്ന് കേരളത്തിൽ മഴ ശക്തമാകും. അടുത്ത ഒരാഴ്ചയോളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് . കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ നേരിയ/മിതമായ മഴ ലഭിച്ചേക്കും.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും 25/09/2024 ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 26/09/2024 ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെ സമുദ്രജലപ്രവാഹത്തിൽ നാളെ രാത്രി 7 മണി വരെ വ്യതിയാനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. സമുദ്രോപരിതലത്തിൽ സെക്കന്റിൽ 0.9 മുതൽ 1.1 മീറ്റർ വരെ ഒഴുക്കുണ്ടാകുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്താൻ നിർദേശിക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ഇടിമിന്നൽ ജാഗ്രതാ നിർദേശം 

2024 സെപ്റ്റംബർ 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും, സെപ്റ്റംബർ 28 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

webdesk13: