X

മരത്തടിക്ക് പ്രിയം; തോട്ടം മേഖല വൃക്ഷത്തോട്ടങ്ങളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: വിപണിയില്‍ മരത്തടി ഉത്പന്നങ്ങള്‍ക്ക് ആവശ്യമേറിയ പ്രവണത തിരിച്ചറിഞ്ഞ് വൃക്ഷത്തോട്ടങ്ങളുടെ ഉത്പാദനത്തില്‍ തോട്ടം മേഖല ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍. വിപണിയുടെ ആവശ്യം തിരിച്ചറിഞ്ഞ് വിളകള്‍ക്കു പുറമേ മരത്തൈകള്‍ കൂടി വ്യാപകമായി നടുന്നത് കേരളത്തിലെ തോട്ടം മേഖലയുടെ വാണിജ്യ പ്രതിസന്ധിക്ക് അയവു വരുത്തുമെന്നും വിദഗ്ധര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ എക്‌സ്‌പോയുടെ ഭാഗമായി നടന്ന സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

ഉയര്‍ന്ന വിലയുള്ള തടികള്‍, വിറക് ആവശ്യത്തിനുള്ള തടികള്‍ തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പ്ലാന്റര്‍മാര്‍ വിപണിയുടെ ആവശ്യകത സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മേട്ടുപ്പാളയത്തെ ഫോറസ്റ്റ് കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സില്‍വികള്‍ച്ചര്‍ വിഭാഗം പ്രൊഫ എ.ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. ലോകവിപണിയില്‍ ഉയര്‍ന്ന ആവശ്യമുള്ള കേരളത്തിലെ ഗുണമേന്‍മയുള്ള മറയൂര്‍ ചന്ദനം കൃത്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ 15 വര്‍ഷം കൊണ്ട് വിളവെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മണ്ണ് പരിശോധിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തത്സമയ മണ്ണ് പരിശോധനാ ഉപകരണത്തിലൂടെ പ്ലാന്റര്‍മാരെ സഹായിക്കുന്ന സേവന ദാതാക്കളുണ്ടെന്നും ന്യൂഡല്‍ഹിയിലെ ജെ.യു. അഗ്രി ഇന്നവേഷന്‍ മാനേജിംഗ് പാര്‍ട്ണര്‍ അജയ് കാക്ര പറഞ്ഞു. തോട്ടവിളകളില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്ന് മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ വിനിയോഗിക്കണമെന്ന് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിന്യൂവബിള്‍ എനര്‍ജി എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. പി.സുബ്രഹ്മണ്യന്‍ പറഞ്ഞു.

തോട്ടം മേഖലയുടെ വലിയ പങ്കും ജലസേചനത്തെയാണ് ആശ്രയിക്കുന്നതെന്നും മേഖല കടുത്ത ജലദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ സീനിയര്‍ സയന്റിസ്റ്റ് അമ്പിളി ജി.കെ. പറഞ്ഞു. മഴലഭ്യതയുടെ അളവ് കുറഞ്ഞതോടെ രാജ്യവും കേരളവും വലിയ ജലദൗര്‍ലഭ്യത നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ചുരുങ്ങിയ ദിവസത്തില്‍ വലിയ അളവ് മഴ ലഭിക്കുന്നതാണ് കഴിഞ്ഞ 10 വര്‍ഷമായുള്ള പ്രവണത. ഇത് വര്‍ഷം മുഴുവനുമുള്ള വിളപരിപാലനത്തിന് ഗുണം ചെയ്യുന്നില്ലെന്നും ആധുനിക ജലസേചന രീതികള്‍ അവലംബിക്കേണ്ടത് തോട്ടം മേഖലയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

webdesk11: