ദുര്‍ഗ്: ബന്ധുക്കളായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്‍കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഛത്തീസ്ഗഡിലെ കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രണയത്തിലായിരുന്ന ശ്രീഹരിയും ഐശ്വര്യയും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്ന് പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ചെന്നൈയില്‍ ഉളളതായി കണ്ടെത്തി. ഇതോടെ പോലീസ് സ്ഥലത്തെത്തി ഒക്ടോബര്‍ ഏഴിന് ഇവരെ തിരികെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കളുടെ കൂടെ വിടുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി, ഇവരുടെ വീടുകളില്‍ എന്തോ അസ്വാഭാവികമായി നടക്കുന്നതായി സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ശ്രീഹരിയേയും ഐശ്വര്യയെയും വിഷം നല്‍കി കൊലപ്പെടുത്തിയതായി അമ്മാവന്‍ രാമുവും പെണ്‍കുട്ടിയുടെ സഹോദരന്‍ ചരണും വെളിപ്പെടുത്തി.
മൃതദേഹങ്ങള്‍ സുപേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പോലീസ് നടത്തിയ തിരച്ചലില്‍ പാതി കത്തിയ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.