ചെന്നൈ: കല്യാണ സദ്യക്കിടെ പപ്പടത്തെ ചൊല്ലി കേരളത്തിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെ കല്യാണ വീട്ടിലെ തല്ലും ബഹളവുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഒരു കല്യാണ വീട്ടിലെ തല്ല്് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. തൊണ്ടിയാര്‍പേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
വിവാഹ വേദിയില്‍ നിന്ന് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തില്‍ കെട്ടാന്‍ ശ്രമിച്ച കാമുകനെ വീട്ടുകാര്‍ അടിച്ച് മണ്ഡപത്തിന് പുറത്താക്കി. പിന്നാലെ വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. ചെന്നൈ സ്വദേശിയായ 24കാരനാണ് കാമുകിയുടെ വിവാഹവേദിയിലെത്തി താലിമാല തട്ടിപ്പറിച്ച് യുവതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ചത്.
ചടങ്ങുകള്‍ ആരംഭിക്കുന്നത് വരെ വേദിക്കരികില്‍ നില്‍ക്കുകയായിരുന്നു യുവാവ്. ഹോട്ടല്‍ ജീവനക്കാരിയായ 20 കാരിയും മറൈന്‍ എഞ്ചിനീയറായ 21കാരനും തമ്മിലായിരുന്നു വിവാഹം. പൂജാരി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി താലി വരന് കൈമാറുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. വേദിക്കടുത്ത് നിന്നിരുന്ന യുവാവ് പൂജാരിയുടെ കൈയ്യില്‍ നിന്നും താലി തട്ടിപ്പറിച്ചു. പിന്നീട് മണ്ഡപത്തിലേക്ക് കയറി വധുവിന്റെ കഴുത്തില്‍ അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വീട്ടുകാര്‍ യുവാവിനെ തടഞ്ഞു. മണ്ഡപത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചു. കല്യാണ വീട്ടില്‍ അടി നടക്കുന്ന വിവരമറിഞ്ഞ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസും ബഹളവും ആയതോടെ വരന്റെ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി. വധുവിന്റെ വീട്ടുകാരുമായി വരന്റെ വീട്ടുകാര്‍ ഉടക്കി. വാക്കേറ്റവും കൈയ്യാങ്കളിയിലുമെത്തിയതോടെ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമായത്. ഇതോടെ വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.