ന്യൂഡല്‍ഹി: ലാവ്്‌ലിന്‍, സ്വര്‍ണക്കടത്ത് കേസുകള്‍ വ്യാഴാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമ്പോള്‍ നെഞ്ചിടിപ്പേറി പിണറായി സര്‍ക്കാര്‍. മുപ്പതിലേറെ തവണ മാറ്റിവച്ച ശേഷമാണ് ലാവ്്‌ലിന്‍ കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച ഹര്‍ജിയാണ് അന്നേ ദിവസം തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്.
ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ എട്ടാമത്തെ കേസായാണ് വ്യാഴാഴ്ച ലാവ്്‌ലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ പതിമൂന്നിനാണ് ഇതിനു മുമ്പ് കേസ് കോടതിയുടെ പരിഗണനക്ക് വന്നത്. എന്നാല്‍ ഈ സമയത്ത് ചീഫ് ജസ്റ്റിസ് മറ്റൊരു കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കേസ് മാറ്റിവെക്കുകയായിരുന്നു.
ലാവ്്‌ലിന്‍ കേസില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തങ്ങളേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ കസ്തുരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെ.ജി രാജശേഖരന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും ഇതോടൊപ്പം കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ആണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇ.ഡി ആവശ്യത്തില്‍ അന്നുതന്നെ വാദം കേട്ട് തീരുമാനം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 30ാമത്തെ കേസ് ആയാണ് സ്വര്‍ണക്കടത്ത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.