X

ലവ് യു പാരീസ്-9: റോളണ്ട് ഗാരോസ് എന്ന ചരിത്ര ഭൂമി

ഈ ഡയറിക്കുറിപ്പെഴുതുന്നത് ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിലെ കോർട്ട് ഫിലിപ്പ് ചാട്ട് ലർ മൈതാനത്ത് നിന്നാണ്. ലോക ഒന്നാം നമ്പർ താരമായ നോവാക് ദ്യോക്യോവിച്ച് എന്ന സെർബുകാരൻ സിംഗിൾസ് കളിക്കുകയാണ്. ടെന്നിസ് എന്ന ഗെയിമിനെ അറിയാൻ തുടങ്ങിയ കാലം മുതൽ പരിചിതമാണ് പാരീസും ഫ്രഞ്ച് ഓപ്പണും റോളണ്ട് ഗാരോസും. ലോക ടെന്നിസിൽ ആകെ നാല് ഗ്രാൻഡ്സ്ലാമുകളാണ്. ജനുവരിയിൽ മെൽബണിൽ ഓസ്ട്രേലിയൻ ഓപ്പണിൽ തുടക്കം. ജൂണിൽ പാരീസിൽ ഫ്രഞ്ച് ഓപ്പൺ. ജൂലൈയിൽ ലണ്ടനിൽ വിംബിൾഡൺ, ഒടുവിൽ ന്യൂയോർക്കിൽ യു.എസ് ഓപ്പൺ. ഇതിൽ ഫ്രഞ്ച് ഓപ്പണിനുള്ള സവിശേഷത മറ്റ് ഗ്രാൻഡ്സ്ലാമുകൾ പുൽതകിടിയിൽ നടക്കുമ്പോൾ ഫ്രഞ്ച് ഓപ്പൺ കളിമൺ കോർട്ടിലാണ്. ഗ്രാസിൽ മികവ് പുലർത്തുന്നവർക്ക് ക്ലേ പ്രശ്നമാവാറുണ്ട്.

റഫേൽ നദാൽ എന്ന സ്പാനിഷ് താരമാണ് വർത്തമാനകാല പുരുഷടെന്നിസ് താരങ്ങളിൽ കളിമൺ കോർട്ടിലെ മുടിചുടാമന്നൻ. അദ്ദേഹവും നിലവിലെ ലോക ഒന്നാം നമ്പർ പുരുഷതാരം കാർലോസ് അൽകറാസും ഒളിംപിക്സ് പുരുഷ ഡബിൾസിൽ സ്പെയിനിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് കാണാൻ കഴിഞ്ഞ ദിവസം ഭാഗ്യമുണ്ടായിരുന്നു. ഫ്രഞ്ചുകാർക്ക് ഇഷ്ടപ്പെട്ട കായികവിനോദം ഫുട്ബോളാണ്. അത് കഴിഞ്ഞാൽ റഗ്ബി,പിന്നെ ഹാൻഡ്ബോൾ. ജനപ്രീതിയിൽ നാലാം സ്ഥാനമാണ് ടെന്നിസിന്. പക്ഷേ ടെന്നിസ് കാണികളാണ് അച്ചടക്കത്തിലും മാന്യതയിലും ഒന്നാമന്മാർ. ലണ്ടനിലെ ലോർഡ്സിൽ ക്രിക്കറ്റ് കാണുന്ന ഇംഗ്ലീഷുകാരെക്കുറിച്ച് പറയാറുള്ളത് അവരാണ് തറവാടികൾ എന്നാണ്. ഇംഗ്ലീഷ് ബാറ്റർ ബൗണ്ടറി അടിച്ചാലും എതിർ നിരയിലെ കളിക്കാരൻ പന്തിനെ അതിർത്തി കടത്തിയാലും ഇംഗ്ലീഷ് കാണികൾ കൈയ്യടിക്കും. അതിനെ ഗ്യാലറിയിലെ ജെൻറിൽമാനിസം എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് റോളണ്ട് ഗാരോസിലെ ഫ്രഞ്ച് കാണികൾ. നല്ല സർവ്വിന്, റിട്ടേണിന്, ഫോർഹാൻഡ് റിട്ടേണിന്, ലോംഗ് റാലികൾക്ക് അവർ നിരന്തരം കൈയ്യടിക്കുന്നു. പൊരിവെയിലിലാണ് മൽസരങ്ങൾ.

ഫ്രഞ്ചുകാർക്ക് വെയിലിനെ ഇഷ്ടമാണ്. കാഠിന്യം കുറവാണ് വെയിലിന്. കുടുംബസമേതമാണ് ഭൂരിപക്ഷവും കളി കാണാൻ വരുക. കൈവശം അത്യാവശ്യ ഭക്ഷണസാധനങ്ങൾ, പിന്നെ മാന്യമായ ആസ്വാദനമാണ്. ഭക്ഷണപദാർത്ഥങ്ങളുടെ ഒരവശിഷ്ടവും പുറത്തേക്ക് വലിച്ചെറിയില്ല. ചോക്ലേറ്റ് റാപ്പർ പോലും സ്വന്തം ബാഗിലേക്ക് മാറ്റും. യൂജിൻ അഡ്രിയാൻ റോളണ്ട് ജോർജ് ഗാരോസ് എന്ന ഫ്രഞ്ച് വ്യോമയാന വിദഗ്ദ്ധൻറെ സ്മരണക്കായാണ് ഇരുപതിലധികം കളിമുറ്റങ്ങളുള്ള വിശാല ടെന്നിസ് വേദിക്ക് ആ പേര് നൽകിയത്. ആധുനിക ഫ്രഞ്ച് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട് അദ്ദേഹത്തിന്. 1913 ൽ ആദ്യമായി മെഡിറ്റനേറിയൻ കടലിന് മുകളിലൂടെ ആദ്യമായി വിമാനം പറത്തിയത് ഗാരോസായിരുന്നു.

ഒന്നാം ലോകമഹായുദ്ധ വേളയിൽ അദ്ദേഹം ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. 1918 ൽ യുദ്ധവേളയിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. തുടർന്നാണ് ഫ്രഞ്ച് ഓപ്പൺ വേദിക്ക് അദ്ദേഹത്തിൻറെ പേര് നൽകിയത്. ഫ്രഞ്ച് ഓപ്പൺ മൽസരങ്ങളുടെ ചരിത്രത്തിന് 133 വർഷത്തെ ചരിത്രമുണ്ട്. 1891 മുതലാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. റഫേൽ നദാൽ എന്ന സ്പാനിഷ് സൂപ്പർ താരത്തിനാണ് കളിമൺ കോർട്ടിൽ നിറഞ്ഞ ആരാധകർ. 14 തവണയാണ് അദ്ദേഹം ഇവിടെ സിംഗിൾസ് ചാമ്പ്യനായത്. ലോക വനിതാ ടെന്നിസിലെ ഇതിഹാസങ്ങളായ ക്രിസ് എവർട്ടും മാർട്ടിന നവരത് ലോവയുമെല്ലാം അരങ്ങ് തകർത്ത വേദിയെ സാക്ഷിയാക്കി ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്. 90 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മലയാള പത്രത്തിലേക്കുളള വരികൾ പിറവിയെടുക്കുന്നത് കായിക ലോകത്തെ മഹത്തായ വേദിയിൽ നിന്നാണല്ലോ….!!

webdesk14: