നമ്മുടെ നാട് കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണക്കൂടത്തിന് പഠിക്കാൻ ഫ്രാൻസിൽ നിന്ന് നല്ല പാഠങ്ങൾ ധാരാളം. പ്രകൃതിയെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങളുടെ കരുത്തിനെ ആവോളം ഉപയോഗപ്പെടുത്തുന്നവരാണ് ഫ്രഞ്ചുകാർ. വയനാട് പരിസ്ഥിതി ലോല മേഖലയായിട്ടും അവിടെ എത്രയാണ് നിർമാണ പ്രവർത്തനങ്ങൾ. വിസ്തീർണത്തിൽ ഫ്രാൻസ് നമ്മുടെ നാലയലത്തില്ല.
പക്ഷേ ഇവിടെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിക്കുന്നതിലും അവ അതേപടി പരിപാലിക്കുന്നതിലും സർക്കാർ പുലർത്തുന്ന ജാഗ്രതയിൽ നിന്നുമാണ് രാജ്യം പ്രകൃതിദുരന്തങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത്. മഴ എത്ര കനത്ത് പെയ്താലും പാരീസ് നഗരത്തിൽ വെള്ളം പൊങ്ങില്ല. മഴ വെള്ളം നഗരമധ്യത്തിലെ സെൻ നദിയിലേക്കാണ് ഒഴുകുന്നത്. അതിനായി അതിവിശാല നഗരത്തിൽ സമഗ്ര ജലവിന്യാസ രീതിയുണ്ട്. പാരീസ് നഗരത്തിൽ വാഹനങ്ങളും കാറുകളും കുറവില്ല.പക്ഷേ വൻ നഗരങ്ങളെ ബാധിക്കുന്ന ഗതാഗത ബഹളവും താരതമ്യേന കുറവാണ്.
കാരണം തേടിയപ്പോൾ പൊതുഗതാഗത സംവിധാനം 100 ൽ 100 ശതമാനം ശക്തമാണിവിടെ. ഫ്രാൻസ് മൊബിലിറ്റിസ് എന്ന പൊതുവിലാസത്തിൽ ബസുകൾ, ട്രെയിനുകൾ, പാരീസ് മെട്രോ,ട്രാമുകൾ എന്നിങ്ങനെ ചെറിയ നിരക്കിൽ ഗതാഗത സംവിധാനം അതിശക്തമാണ്. ട്രെയിനുകൾ മാത്രം മെട്രോ, ഹ്രസ്വദൂരം, ദീർഘദൂരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ അതിശക്തമാണ്. ആയിരകണക്കിനാളുകൾക്ക് തൊഴിലൊരുക്കുന്ന പൊതുഗതാഗത സംവിധാനം വൻ വിജയമാവുന്നത് തൊഴിലാളികളുടെ ആത്മാർപ്പണത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം കുടിയേറ്റക്കാരുടെ നാടാണ് ഫ്രാൻസ്.
ആഫ്രിക്കൻ വംശജരാണ് ഏറ്റവുമധികം. മൊറോക്കോ,അൾജീരിയ, കാമറൂൺ,കെനിയ,സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഏറിയ പങ്കും. ഫ്രഞ്ച് ജനസംഖ്യയിൽ 44 ശതമാനവും കുടിയേറ്റക്കാർ തന്നെ. രാജ്യത്തെ കായികമേഖല നോക്കിയാൽ തന്നെ അത് പ്രകടമാവും. ഫുട്ബോളാണ് ജനപ്രിയ ഗെയിം. ടീമിൽ ഭൂരിപക്ഷവും ആഫ്രിക്കൻ വംശജരാണ്. കോപ്പ ഫുട്ബോൾ കിരിടം സ്വന്തമാക്കിയ ശേഷം അർജൻറീനയുടെ എൻസോ ഫെർണാണ്ടസ് പാടിയ വംശീയ ഗാനം വൻ വിവാദമായിരുന്നല്ലോ-ഫ്രാൻസിന് പണ്ട് മുതൽ തന്നെ അർജൻറീനക്കാരോട് താൽപ്പര്യമില്ല. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജൻറീനക്കാരായിരുന്നല്ലോ ഫ്രാൻസിനെ വീഴ്ത്തിയത്. അതോടെ അരിശം മൂത്തു.
ആ അരിശമെല്ലാം ഫ്രഞ്ചുകാർ തീർത്തത് അന്ന് പി.എസ്.ജിക്കായി കളിച്ചിരുന്ന മെസിയോടായിരുന്നു. മെസി മൈതാനത്ത് ഇറങ്ങുമ്പോഴേക്കും പാർക്ക് ഡി പ്രിൻസസ് എന്ന കളിക്കൊട്ടകയിലെ ഒരു വിഭാഗം ആരാധകർ കുവാൻ തുടങ്ങും. ഇതെല്ലാം കണ്ട് മടുത്താണ് മെസി പാരീസ് വിട്ട് മിയാമിയിലെത്തിയത്. മെസിയെ അവഹേളിച്ച ഫ്രഞ്ചുകാരെ പരിഹസിക്കാനായിരിക്കാം എൻസോ ആ മോശം പാട്ട് പാടി ശിക്ഷ ചോദിച്ചുവാങ്ങിയത്. ഫ്രാൻസിലെ പൊതുഗതാഗത സംവിധാനത്തിലെ ശക്തി കുടിയേറ്റക്കാരായ ഫ്രഞ്ചുകാരാണ്. അവരുടെ ആത്മാർത്ഥതയും ഇടപെടലുകളും ജനകീയമാണ്. ബസാണ് ഏറെ ജനകീയമായ ഗതാഗതോപാധി. പാരീസ് നഗരം ചെറുതാണ്.
സെൻ നദിയുടെ ചുറ്റും വലയം ചെയ്യുന്ന യൂറോപ്യൻ യൂണിയനിലെ വലുപ്പത്തിൽ നാലാമതുള്ള നഗരം. ജനസാന്ദ്രത പക്ഷേ ലണ്ടൻ മഹാനഗരത്തേക്കാൾ കൂടുതലുമാണ്. ജീവിതനിലവാരത്തിലേക്ക് വന്നാൽ ശരാശരിക്കാരാണ് 63 ശതമാനം. ഇവരുൾപ്പെടുന്നവർ പൊതുഗതാഗത സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. കാർഡ് സംവിധാനമാണ് എല്ലായിടത്തും. ബസ് കാർഡും ട്രെയിൻ കാർഡും ട്രാം കാർഡുമെല്ലാമുണ്ട്. കുട്ടികളും ചെറുപ്പക്കാരും സൈക്കിൾ പ്രിയരാണ്. പാരീസ് നഗരത്തിൽ സൈക്കിൾ പാതയുണ്ട്. അതിലൂടെ മറ്റാർക്കും നോ എൻട്രി. സൈക്കിൾ ബേകളും ഇലക്ട്രോണിക് സൈക്കിൾ ബേകളും യഥേഷ്ടം. എല്ലാം അത്യാധുനിക തരത്തിൽ കണക്റ്റടാണ്.
നിങ്ങൾ മൊബൈൽ ഫോൺ എടുക്കുക,ആപ്പിൽ രജിസ്ട്രർ ചെയ്യുക. അത് വഴി തന്നെ പണമടക്കുക-സൈകിൾ,ഇലക്ട്രിക്കൽ സൈക്കിൾ ഉപയോഗിക്കാം. സൈക്കിളുകൾ ഉപയോഗിക്കുമ്പോൾ കാര്യങ്ങൾ രണ്ടാണ്-അന്തരീക്ഷം മലീമസമാവുന്നില്ല, ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. പ്രകൃതിയോട് ഇണങ്ങുന്നതിനെ മാത്രമേ പാരീസ് പിന്തുണക്കു.. നമ്മുടെ ഭരണകൂടം ഇത് കണ്ട് പഠിക്കുക,പ്രകൃതി നമ്മോട് കോപിക്കില്ല.
പാരിസിലും ഫ്രാൻസിലും എവിടെയും കാണുന്ന സൈക്കിൾ ബേ. സൈക്കിൾ ഉപയോഗം ഭരണകുടം പ്രോൽസാഹിപ്പിക്കാൻ അടിസ്ഥാന കാരണം പ്രകൃതി സംരക്ഷണമാണ്. മറ്റ് വാഹനങ്ങൾ പുകയിൽ പ്രകൃതിയെ മലീമസപ്പെടുത്തുമ്പോൾ സൈക്കിൾ പ്രകൃതിക്ക് അനുയോജ്യമാണ്-ആരോഗ്യത്തിനും