X

ലവ് യു പാരിസ്-5; ജനഗണമന അതിനായക് ജയഹേ..

ആ വികാരം വിവരണാതീതമാണ്.. അത് താരങ്ങളായാലും പരീശിലകരായാലും കാണികളായാലും മാധ്യമ പ്രവർത്തകരായാലും…. കായിക വേദികളിൽ മറ്റ് രാജ്യങ്ങളുടെ ദേശീയ ഗാനത്തിനായി എത്രയോ തവണ എഴുന്നേറ്റ് നിന്നിട്ടുണ്ട്. അമേരിക്കയുടെയോ, ചൈനയുടെയോ, അർജൻറീനയുടേയോ,ബ്രസീലിൻറെയോ ദേശീയഗാനം പരിചിതമല്ല. പക്ഷേ ലോകകപ്പ് വേദികളിൽ,ഒളിംപിക് വേദികളിൽ നിരന്തരം കേൾക്കാറ് ഈ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ്. പാരിസിലെ ആദ്യ നാളിൽ തന്നെ കേട്ടു-പ്ലീസ് സ്റ്റാൻഡ് ഫോർ ദ നാഷണൽ ആന്തം ഓഫ് ചൈന..( Please stand for the national anthem of China ).

ചൈനക്കാരുടെ ഗാനത്തിനൊപ്പം എഴുന്നേറ്റ് നിൽക്കാൻ വിധിക്കപ്പെടുമ്പോൾ സ്പോർട്ടിംഗ് സ്പിരിറ്റോടെ തന്നെ മനസ് പറയും-എന്നായിരിക്കും പ്ലീസ് സ്റ്റാൻഡ് ഫോർ ദ നാഷണൽ ആന്തം ഓഫ് ഇന്ത്യ.. ( Please stand for the national anthem of India ) എന്ന പ്രഖ്യാപനം വരുക എന്ന്. ഒളിംപിക്സും ലോകകപ്പ് ഫുട്ബോളുമെല്ലാം വലിയ വേദികളാണ്. അവിടം കീഴsക്കുന്നത് കൊച്ചു കൊച്ചു രാജ്യങ്ങളിലെ കായികതാരങ്ങളാണ്. മനസിനെ ഉടക്കിയ വല്ലാത്ത ഒരനുഭവം 2018 ലെ റഷ്യൻ ലോകകപ്പ് വേളയിലുണ്ടായിരുന്നു. മോസ്ക്കോയിലെ ലൂഷിനിക്കി സ്റ്റേഡിയത്തിൽ ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനൽ. കൊയേഷ്യ എന്നാൽ നമ്മുടെ കോഴിക്കോട് ജില്ലയുടെ മാത്രം വലുപ്പമുളള കൊച്ചുരാജ്യം. അവരാണ് ആഗോള ഫുട്ബോൾ വേദിയിൽ ഫൈനൽ കളിക്കാൻ പോവുന്നത്.

മൽസരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ പ്രഖ്യാപനം-ക്രൊയേഷ്യയുടെ ദേശീയ ഗാനത്തിനായി എല്ലാവരും എഴുന്നേറ്റ് നിൽക്കുക. എനിക്ക് തൊട്ടരികിൽ പ്രമുഖ ക്രോട്ട് പത്രമായ നോവി ലിസ്റ്റ് ( Novi list) ലേഖകനായിരുന്നു. സ്വന്തം ദേശിയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങുമ്പോൾ അവൻ കരയുകയായിരുന്നു. ആനന്ദാശ്രുക്കൾ പൊഴിയുന്ന ആ കാഴ്ച്ച ഞാൻ ക്യാമറയിൽ പകർത്തി. ആ വികാരം അത്ര മാത്രമാണെന്ന സത്യം ഇന്നലെയറിഞ്ഞു.. മനു ഭാക്കർ എന്ന അഭിമാനഷൂട്ടർ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലം നേടിയപ്പോൾ സ്വർണവും വെള്ളിയും നേടിയ ദക്ഷിണ കൊറിയക്കാരെക്കാൾ സന്തോഷം ഞങ്ങൾക്കായിരുന്നു. എവിടെയും ഇന്ത്യാ …ഇന്ത്യാ … വിളികൾ. ഗ്യാലറിയിൽ നമ്മുടെ ത്രിവർണ പതാകകൾ..എല്ലാവരും പരസ്പരം ആശ്ശേഷിക്കുന്നു. മനു മാത്രമല്ല കരഞ്ഞത്-ഞങ്ങളുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞിരുന്നു. മനസ് പറഞ്ഞു-Please Stand for the national anthem of India.. ജനഗണമന അതിനായക് ജയഹേ ഭാരത് ഭാഗ്യവിധാതാ..
പഞ്ചാബ്,സിന്ധ്,ഗുജറാത്ത്,മറാഠാ
ദ്രാവിഡഉത്കല വംഗാ..!
വിന്ധ്യഹിമാചല യമുനാഗംഗാ
ഉഝല ജലധിതരംഗാ..
തവശുഭ നാമേ ജാഗേ
തവശുഭ ആശിഷ മാഗേ
ഗാഹേ തവജയ ഗാഥാ
ജനഗണ മംഗളദായക ജയഹേ
ഭാരത ഭാഗ്യവിധാതാ..
ജയഹേ,ജയഹേ,ജയഹേ
ജയജയജയ ജയഹേ..

webdesk14: