X

ലവ് യു പാരീസ്-2: ലഞ്ച് മുഖ്യം ലോകമെ, ബഗേറ്റയും

പ്രാതലും ലഞ്ചും ഡിന്നറും മുഖ്യമാണെന്ന് പറഞ്ഞത് ആരാണ്..?അഥവാ മൂന്ന് നേരം മൃഷ്ടാനഭോജനം എന്ന ആപ്തവാകൃത്തിന് പിറകിലെ അടിവര ആരുടേതാണ്..? ആരായാലും അത് ഫ്രഞ്ചുകാരല്ല. പണ്ട് ചരിത്രം പഠിക്കുമ്പോൾ മുതൽ മന:പാഠമാക്കിയ കുറെ പേരുകഉണ്ടായിരുന്നില്ലേ.. വോൾട്ടയർ,റുസോ,മൊണ്ടസ്ക്യു എന്നിങ്ങനെ. ഫ്രഞ്ച് വിപ്ലവത്തിന് ധീരമായി നേതൃത്വം നൽകിയ ധീഷണാശാലികൾ. ഇവരൊന്നും മൂന്ന് നേരം മൂക്കറ്റം ഭക്ഷിക്കണം എന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ പറഞ്ഞത് ഉദരവിശാരദരായ നമ്മളുടെ പൂർവികരാവാം. പറഞ്ഞ് വരുന്നത് പാരീസിലെ ആദ്യ പ്രാതൽ തേടിയുള്ള അലച്ചിലിനെ കുറിച്ചാണ്. നമുക്ക് രാവിലെ എഴുന്നേറ്റാൽ ബ്ലാക് കോഫി നിർബന്ധമാണ്,ശേഷം ഹെവി ബ്രെയിക് ഫാസ്റ്റ് വേണം-അങ്ങനെ രാവിലെ പുറത്തിറങ്ങി. ഒരു കാപ്പി നിർബന്ധമാണല്ലോ.. താമസ സ്ഥലമായ ലെസ് അർഡോനിസിലുടെ കോഫി ഷോപ്പ് തേടിയലഞ്ഞു. എവിടെയുമില്ല. ഇവിടെ എവിടെ കോഫി കിട്ടുമെന്ന ഇംഗ്ലിഷ് ചോദ്യത്തിന് പലരുടെയും മറുപടി ചിരിയായിരുന്നു. നമ്മുടെ ഇംഗ്ലീഷ് എന്നല്ല ആംഗലേയം ഫ്രഞ്ചുകാരന് ദഹിക്കില്ല. അവൻ ഫ്രഞ്ചേ പറയു.. ചായക്കും കോഫിക്കും ഫ്രഞ്ചിൽ എന്താണ് പറയുക. മൊബൈൽ ഫോണിൽ ട്രാൻസലേറ്റർ അമർത്തി. ദി -എന്നാണ് ചായയുടെ ഫ്രഞ്ച്. ദി പറയാം-ദി എവിടെ കിട്ടുമെന്ന് എങ്ങനെ ചോദിക്കും..? ഒടുവിൽ തീരുമാനമെടുത്തു-സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു കോള വാങ്ങി അതിനെ ചായയെന്ന് മനസിൽ കരുതി അകത്താക്കാം. ബ്രെഡ് ഇനങ്ങൾ ഫ്രഞ്ചുകാർ രാവിലെ കഴിക്കും. അതിലെ ഹീറോ ബഗറ്റേ എന്ന നല്ല നീളമുള്ള ബ്രെഡാണ്. നമ്മൾ പൊറോട്ട വാങ്ങി കഴിക്കാറില്ലേ..അലെങ്കിൽ ഗൾഫുകാർ കുബുസ് കഴിക്കാറില്ലേ-അത് പോലെ ധനികനും ദരിദ്രനുമായ ഫ്രഞ്ചുകാരുടെ പ്രധാന പ്രാതൽ വിഭവമാണ് ബഗറ്റേ. അതും ഒരു കോളയുമായിരുന്നു പാരീസ് രണ്ടാം ദിനത്തിലെ പ്രാതൽ. ഫ്രഞ്ചുകാർക്ക് പ്രാതൽ അഥവാ ബ്രെയിക്ക്ഫാസ്റ്റിനോട് താൽപ്പര്യം തെല്ലുമില്ല-ഒരു ബഗറ്റേ, അത് ധാരാളം.

പക്ഷേ ലഞ്ച് അതിവിശാലമാണ്. ഇനി വായിച്ച് ഞ്ഞെട്ടരുത്-ഒരു ശശാശരി ഫ്രഞ്ചുകാരൻ ഉച്ചഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂർ എടുക്കും. അത് മൂന്ന് കോഴ്സാണ്. ആദ്യം സ്റ്റാർട്ടർ.ശേഷം മെയിൻ കോഴ്സ്. പിന്നെ അപറ്റൈസറും. വിടുകളിലിരുന്ന് ലഞ്ച് കഴിക്കുന്നവർ കുറവാണ്. ഹോട്ടലുകൾ ഉച്ചഭക്ഷണ സമയത്ത് നിറഞ്ഞ് കവിയും. ഉച്ച പന്ത്രണ്ട് മണിയോടെ കുടുംബസമേതം ഹോട്ടൽ യാത്രയാണ്. അവരത് കഴിക്കുന്നത് കാണാൻ എന്ത് ചന്തമാണെന്നോ….!! സ്റ്റാർട്ടർ പതുക്കെ സിപ് ചെയ്ത് കുറെ സംസാരം. പ്രധാന ഭക്ഷണമെന്നത് ഹെവി അല്ല. അൽപ്പം റൈസ്, ബീഫ് അല്ലെങ്കിൽ ചിക്കൻ. അത് പകുതി വേവിലാവും. നമ്മുടേത് പോലെ കൈപ്രയോഗമില്ല. ചീസാണ് ഫിനിഷർ-അത് നിർബന്ധവുമാണ്. സംസാരിച്ചും കളിച്ചും ചിരിച്ചുമെല്ലാമായി ലഞ്ചിനെ ആസ്വദിക്കുന്നവർ. ഹോട്ടൽ ക്യൂവിൽ ഇത്രയൊന്നും ക്ഷമിച്ച് നമ്മുടെ ഊഴം കാത്തിരിക്കാനാവില്ലല്ലോ..ഫ്രഞ്ചുകാരൻറെ പൊറോട്ടയായ ബഗറ്റേ രണ്ടെണ്ണം വാങ്ങി. ഒട്ടും ക്ഷമയില്ലാതെ അത് അതിവേഗം അകത്താക്കി. ഒപ്പം ഒരു കോളയും. പാരിസിലെ ബഗറ്റേയാണ് നമ്മുടെ മുദ്രാവാക്യം. ലഞ്ച് അത്യാവശ്യം ആസ്വദിച്ച് കഴിക്കുന്ന ഇവിടെയുളളവർക്ക് ഡിന്നറിനോട് വലിയ താൽപ്പര്യമില്ല. സൂപ്പിലും ചീസിലുമാണ് ഡിന്നർ. വൈൻ ഫ്രഞ്ച് തീൻമേശയിലെ നിർബന്ധിത ഉൽപ്പന്നമാണ്. ലോകത്ത് ഏറ്റവും മികച്ച വൈൻ ഉൽപ്പാദിപ്പിക്കുന്നവർ ഫ്രഞ്ചുകാരണല്ലോ. യൂറോപ്യൻ യൂണിയനിലെ നാലാമത്തെ പ്രമുഖ നഗരമാണ് പാരീസ്. ഭക്ഷണ സാധനങ്ങൾക്കെല്ലാം അത്യാവശ്യം നല്ല വിലയുമാണ്. മ്മളെ ബഗറ്റേക്ക് അഞ്ച് യൂറോ നൽകണം. ഒരു യൂറോ എന്നാൽ ഇന്ന് നാട്ടിലെ 109 രൂപയാണ്..

webdesk14: