X

ലവ് യു പാരിസ്-18: ലണ്ടൻ ക്ഷമിക്കുക, പാരീസാണ് ടോപ്പ്

ഒളിംപിക്സ് സമാപിക്കുകയാണ്. ഇന്ന് കൊടി താഴും. ഇന്നലെ ഇന്ത്യക്ക് കാര്യമായ മൽസരങ്ങളുണ്ടായിരുന്നില്ല. അതിനാൽ നഗരത്തെ അറിയാൻ ഒരു വിശാല യാത്ര നടത്തി. കുട്ടിന് പ്രിയ സുഹൃത്തുക്കളായ ഷരീഷ് ചിറക്കലും പാരീസിൽ അധ്യാപകനായ ഡോ. സാലിം കൊട്ടുകരയും. പാരീസ് നഗരത്തിലെ ട്രെയിൻ സംവിധാനത്തിന് കൈയ്യടിക്കാതെ തരമില്ല. ഭൂമിക്കടിയിലൂടെ പലവിധ ട്രെയിനുകൾ പറക്കുകയാണ്.യൂറോപ്പ് എന്ന വൻകരയിലെ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര ട്രെയിനുകൾ മുതൽ പാരീസ് നഗരപ്രാന്തങ്ങളെ സംയോജിപ്പിക്കുന്ന മെട്രോ ട്രെയിനുകൾ വരെ. വിശാലമായി കുതിക്കുന്ന ട്രെയിനുകളെ ആർ.ഇ.ആർ ( Réseau Express Régional ) എന്ന് വിളിക്കും. സിംഗിൾ ഡെക്കർ,ഡബിൾ ഡെക്കർ എന്നിങ്ങനെ ട്രെയിനുകൾ പലവിധം. 2012 ലെ ലണ്ടൻ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാനായി ബ്രിട്ടിഷ് ആസ്ഥാനത്ത് എത്തിയപ്പോൾ ആ നഗരത്തിലെ 100 വർഷം പഴക്കമുള്ള മെട്രോ ( അവിടെ ട്യൂബ് എന്നാണ് വിളിക്കാറ് ) കണ്ട് അന്തംവിട്ടിരുന്നെങ്കിൽ ഇത് അതുക്കും മേലെയാണ്.

1900 മുതൽ ഈ മഹാനഗരത്തിൽ മെട്രോ സർവിസുണ്ട്. നിലവിൽ പതിനാല് ലൈനുകൾ. ഒളിംപിക്സ് ഒരുക്കത്തിൽ ഒരു പുതിയ ലൈൻ വന്നു. രണ്ട് ലൈനുകൾ നിർമാണത്തിലും. പുലർച്ചെ ആരംഭിക്കുന്ന മെട്രോ സർവീസ് അർധരാത്രി വരെയുണ്ട്. മെട്രോ കാർഡില്ലാത്ത ഫ്രഞ്ചുകാരുണ്ടാവില്ല. എല്ലാവരും അത് പഴ്സിലും ടാഗിലുമെല്ലാമായി സൂക്ഷിക്കുന്നു. നഗരങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ വിന്യാസമാണ് അപാരം. ഓരോ അഞ്ച് മിനുട്ടിലും അവ കുതിച്ചെത്തും. 14 ലൈനുകളെയും ബന്ധപ്പെടുത്തുന്ന ജംഗ്ഷനുകൾ നിരവധി. പാരീസ് നഗരത്തിൽ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാൻ ആർ.ഇ.ആർ ട്രെയിനുകളുണ്ട്. മെട്രോ ട്രെയിനുകളേക്കാൾ വേഗത്തിലാണ് ആർ.ഇ.ആർ ട്രെയിനുകളുടെ കുതിപ്പ്.

എയർപോർട്ട്, ഡിസ്നെലാൻഡ് തുടങ്ങി നഗരത്തിൽ നിന്നും അൽപ്പമകലെയുള്ള സ്ഥലങ്ങളിലേക്ക് അനുയോജ്യം ആർ.ഇ. ആർ സംവിധാനമാണ്. എ,ബി,സി,ഡി,ഇ എന്നിങ്ങനെ അഞ്ച് ലൈനുകളിലായി 250 സ്റ്റേഷനുകൾ. എല്ലാ സ്റ്റേഷനുകളും ചരിത്ര നിർമിതികൾ പോലെയാണ്-ഫ്രഞ്ച് വാസ്തുശിൽപ്പകലയുടെ മികവ് സ്റ്റേഷനുകളിൽ പ്രകടം. സ്റ്റേഷനുകളുടെ പേരുകളിൽ രാജ്യത്തെ പൗര പ്രമുഖർ മുതൽ അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റിൻറെത് വരെയുണ്ട്. ദീർഘകാലം രാജഭരണത്തിലായതിനാൽ ആദ്യകാല രാജാക്കന്മാർ മുതൽ നെപ്പോളിയൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും സ്റ്റേഷനുകൾക്കുണ്ട്. രാജ്യാന്തര യാത്രകൾക്ക് ടി.ജി.വി ട്രെയിനുകളുണ്ട്. (Train à Grande Vitesse) പാരീസിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്താൻ മൂന്നരമണിക്കൂർ മതി. ഒമ്പത് മണിക്കൂർ കൊണ്ട് ലണ്ടനിലെത്താം. മണിക്കുറിൽ 350 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിനുകളുടെ കുതിപ്പ്. ടി.ജി.വി ട്രെയിനുകളുടെ അകത്തളം ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ്. ഇത്ര വിശാലമായി ഈ ഗതാഗത സംവിധാനത്തെ പരിചയപ്പെടുത്താൻ കാരണം സുഗമമായ യാത്ര ഉറപ്പ് വരുത്താൻ ഭരണകുടം ഒരുക്കുന്ന സംവിധാനങ്ങളിലെ അത്യാധുനിക സാങ്കേതികതയെ അറിയാനാണ്.

100 ശതമാനം ഹൈടെക്കാണ് ഫ്രഞ്ചുകാർ. അത് പിന്തുടരാൻ കഴിയാത്തവരായി ഇവിടെ ആരുമില്ല. 70 കഴിഞ്ഞവർ പോലും ബുളറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് കാണുന്നതിൽ പുതുമ തോന്നിയിട്ടില്ല. പക്ഷേ ടിക്കറ്റെടുക്കാനും യാത്ര എളുപ്പമാക്കാനും സ്വന്തം മൊബൈൽ ഫോണിലെ ആപ്പുകളെ അവർ പ്രയോജനപ്പെടുത്തുന്നത് കാണുമ്പോൾ 70 കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന് കരുതി ആശുപത്രികളെ ആശ്രയിക്കുന്ന, അഥവാ വ്യദ്ധസദനങ്ങളെ പുൽകുന്ന നമ്മുടെ ഇന്ത്യൻ ബോധം എത്ര പിറകിലാണ്. നിങ്ങൾ പാരീസിൽ ഏതെങ്കിലും ഭാഗത്ത് കുരുങ്ങിയോ..? ഉടൻ ഗുഗിൾ മാപ്പ് ബ്രൗസ് ചെയ്യുക. നിങ്ങൾക്ക് എത്തേണ്ട സ്ഥലം ടൈപ്പ് ചെയ്യുക. കൃത്യമായി നിങ്ങൾക്ക് ഗൂഗിൾ മൂന്ന് വഴി പറഞ്ഞ് തരും. ട്രെയിൻ മാർഗമാണെങ്കിൽ അടുത്ത സ്റ്റേഷൻ,ലക്ഷ്യസ്ഥാനത്തേക്കുള്ള സമയം. രണ്ട് അടുത്ത ബസ് സ്റ്റേഷൻ,ലക്ഷ്യത്തിലേക്കുള്ള ദൂരം. മൂന്ന് നിങ്ങൾ നടക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ വഴിയും ഉദ്ദേശസമയവും പറഞ്ഞ് തരും. ഒരു കാര്യം മാത്രം സൂക്ഷിക്കണം-പോക്കറ്റടിക്കാരുണ്ട്. റുമേനിയയിൽ നിന്നും വരുന്ന ചെറുപ്പക്കാരും ചെറുപ്പകാരികളും. ഒറ്റനോട്ടത്തിൽ പോക്കറ്റടിക്കാരാണെന്ന് തോന്നില്ല-പക്ഷേ പഴ്സും ബാഗുമെല്ലാം ഞ്ഞൊടിയിടയിൽ നഷ്ടപ്പെട്ടേക്കാം. പാരീസിലേക്ക് വരുന്നതിന്ന് മുമ്പ് പ്രിയപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിൻറെ ഫ്രഞ്ച് അനുഭവം വെച്ച് പറഞ്ഞിരുന്നു-മോഷ്ടാക്കൾ ധാരാളമുണ്ടെന്ന്. അദ്ദേഹത്തിന് ബാഗ് നഷ്ടമായ കഥ ഇവിടെ വെച്ച് കാസർക്കോട് മഞ്ചേശ്വരത്തുകാരനായ മുഹമ്മദ് വിവരിക്കുകയും ചെയ്ത് തന്നിരുന്നു. എന്തായാലും ഒളിംപിക്സ് സമയമായതിനാൽ പൊലീസ് വളരെ ജാഗ്രതയിലായതിനാൽ കാര്യമായ മോഷണങ്ങളൊന്നും നടന്നിട്ടില്ല. രാത്രി വളരെ വൈകി ഈഫൽ ടവറിന് അരികിലെത്തിയപ്പോൾ ജനസമുദ്രമായിരുന്നു. ശ്രീജേഷും നീരജ് ചോപ്രയുമെല്ലാം ഈഫലിന് താഴെയുണ്ടായിരുന്നു.

webdesk14: