X

ലവ് യു പാരിസ്-17: ബോണ്ടിയിൽ വരു, എംബാപ്പേയെ കാണാം

ആഫ്രിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന കൊച്ചു പാരീസ് പ്രാന്തം. മുക്കിലും മൂലയിലുമെല്ലാം പന്ത് തട്ടുന്ന കുട്ടികൾ. ബ്രസീൽ പോലെയാണ് ഫ്രാൻസും-കാൽപ്പന്തിനെ നെഞ്ചേറ്റുന്ന നാട്. ക്ളബുകൾ,മൈതാനങ്ങൾ,അക്കാദമികൾ-രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം പന്ത് കളി മാത്രമാണ് സുന്ദരമായ കാഴ്ച്ച.

ഗാർഡിനോദ് എന്ന പ്രധാന സ്റ്റേഷനിൽ നിന്നും മെട്രോയിൽ രണ്ട് സ്റ്റോപ്പ് പിന്നിട്ടാൽ ബോണ്ടി എന്ന ഫുട്ബോൾ പ്രാന്തമായി-കവാടത്തിൽ തന്നെ കൂറ്റൻ കട്ടൗട്ട്-മേൽപ്പോട്ട് നോക്കിയപ്പോൾ പരിചിത മുഖം. നമ്മുടെ കിലിയൻ എംബാപ്പേ….അതെ, വർത്തമാന സോക്കർ ലോകത്തെ നമ്പർ വൺ താരമായ എംബാപേയുടെ നാടാണ് ബോണ്ടി. ഈ തെരുവിലാണ് എംബാപ്പേ ജനിച്ചത്. പിതാവ് കാമറൂൺ വംശജൻ.

മാതാവ് അൾജീരിയക്കാരി. ഇത് തന്നെയാണ് ബോണ്ടിയുടെ സവിശേഷതയും. സങ്കര ആഫ്രിക്കൻ സംസ്കാരത്തിൻറെ തട്ടകം. ബോണ്ടിക്കാർ അൽപ്പമഹങ്കാരത്തോടെ പറയുന്നതും ഈ സങ്കര സംസ്ക്കാരത്തെക്കുറിച്ചാണ്-നിങ്ങൾ ഫ്രഞ്ച് ഫുട്ബോൾ ടീം നോക്കു-നിറയെ ആഫ്രിക്കൻ സങ്കര വംശജരാണല്ലോ. സിദാനിൽ തുടങ്ങിയാൽ എംബാപ്പേ വരെ-ബോണ്ടിയിലെ കൊച്ചു പുസ്തകശാല നടത്തുന്ന നെഹ ലാർബിയുടെ വാക്കുകൾ. നല്ല വായനക്കാരാണ് ഫ്രഞ്ചുകാർ. ട്രെയിനിലും ബസിലും പാർക്കുകളിലുമെല്ലാം കുത്തിയിരുന്ന് വായിക്കുന്നവരെ കാണാം. ലാർബിയുടെ കടയിൽ നിറയെ ഫുട്ബോൾ പുസ്തകങ്ങളാണ്. എല്ലാം ഫ്രഞ്ചിലാണ്.

ചിത്രങ്ങൾ കണ്ടാൽ മാത്രം ഉള്ളടക്കം മനസിലിക്കാനാവും. തിയറി ഹെൻട്രി, ഇമാനുവൽ പെറ്റിറ്റെ, ദിദിയർ ദെഷാംപ്സ്, ലിലിയൻ തുറാം,സിദാൻ, ഫാബിയാൻ ബർത്താസ്,ഫ്രാങ്ക് റിബറി തുടങ്ങിയവരുടെയെല്ലാം ജീവചരിത്ര ഗ്രന്ഥങ്ങൾ. നിങ്ങളുടെ സ്വന്തം എംബാപ്പയുടെ പുസ്തകമില്ലേ എന്ന് ചോദിച്ചതും ഫ്രഞ്ചിൽ മാത്രമല്ല സ്പാനിഷിലും ഇറ്റാലിയനിലുമുള്ള ഉയർത്തി അദ്ദേഹം. ബോണ്ടിയിൽ കാലപ്പഴക്കമുള്ള ഒരു ക്ളബുണ്ട്-എ.എസ് ബോണ്ടി. ഇവർക്കായാണ് എംബാപ്പേ ആദ്യം പന്ത് തട്ടിയത്. പിന്നെ ഒരു യാത്രയായിരുന്നു. ബോണ്ടി വിട്ട് മൊണോക്കോ, പി.എസ്.ജി ഇപ്പോൾ റയൽ മാഡ്രിഡ്. അതിനിടെ തന്നെ 2018 ൽ റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിൽ കിരിടം-ഏറ്റവും മികച്ച യുവതാരം. 2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസിയുടെ അർജൻറീനക്കെതിരായ ഫൈനലിൽ മൂന്ന് തകർപ്പൻ ഗോളുകൾ. എംബാപ്പേ ബോണ്ടി വിട്ടിട്ട് കാലം കുറച്ചായി.

അദ്ദേഹം കുടുംബസമേതം ഇപ്പോൾ പാരീസ് നഗരമധ്യത്തിലാണ്.ഇടക്ക് പക്ഷേ ബോണ്ടിയിലേക്ക് വരും. എല്ലാവരെയും കാണും. 2018 ലെ ലോകകപ്പ് നേട്ടത്തിന് ശേഷം അദ്ദേഹം ആദ്യം വന്നത് ബോണ്ടിയിലേക്കായിരുന്നു. പി.എസ്.ജിക്കായി എംബാപേ കളിക്കുമ്പോൾ ബോണ്ടിക്കാർ ഒന്നടങ്കം പാർക് ഡി പ്രിൻസസിലേക്ക് പോവും. ഇനിയിപ്പോൾ സ്വന്തം താരത്തെ കാണണമെങ്കിൽ മാഡ്രിഡ് നഗരത്തിലേക്ക് പോവണം. റയലിലാണ് അടുത്ത അഞ്ച് വർഷം എംബാപ്പേ കളിക്കുന്നത്.

webdesk14: