World is round, round is zero, zero is nothing and nothing is Impossible.. ( ലോകം വൃത്തമാണ്. വൃത്തമെന്നാൽ പൂജ്യമാണ്. പൂജ്യമെന്നാൽ ശുന്യമാണ്. അസാധ്യമായി ഒന്നുമില്ല….) കൊച്ചുനാൾ മുതൽ കേട്ടുതുടങ്ങിയതാണ് ഈ ആപ്തവാക്യം. ഹൈസ്ക്കൂൾ കാലത്ത് ചരിത്രം പഠിപ്പിച്ച ശിവരാമൻ മാഷ് ഇടക്കിടെ ഓർമിപ്പിക്കാറുണ്ടായിരുന്ന മോട്ടിവേഷണൽ ഡയലോഗ്. പിന്നിട് ശിഷ്യരോട് നമ്മൾ ആവർത്തിക്കുന്ന ആപ്തവാക്യം. നെപ്പോളിയൻ ബോണപ്പാർട്ട് എന്ന ഫ്രഞ്ച് ഭരണാധികാരിയായിരുന്നു ഈ അതിവിഖ്യാത വാക്കുകളുടെ ഉപജ്ഞാതാവ് എന്നറിഞ്ഞത് മുതൽ അദ്ദേഹത്തോട് ഒരിഷ്ടമുണ്ടായിരുന്നു.
നെപ്പോളിയൻ ഭരിച്ച നാട്ടിലെത്തിയാൽ അദ്ദേഹത്തെ കാണാതെ മടങ്ങുന്നത് ശരിയല്ലല്ലോ.. ഇന്നലെ അദ്ദേഹത്തെ കാണാൻ പോയി-അതിഗംഭീര നെപ്പോളിയൻ മ്യൂസിയം.ഇവിടെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ഒളിംപിക്സ് അതിഥികൾക്കായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ മ്യൂസിയം തുറന്ന് കിടക്കുന്നു. പാരീസിലും ഫ്രാൻസിലുടനീളവും കാണുന്ന തരത്തിൽ മ്യൂസിയം എന്നത് അതിഗംഭീര കൊട്ടാരമാണ്. വലിയ ഗേറ്റുകളും സുരക്ഷയും പരിശോധനയും കഴിഞ്ഞ് വേണം അകത്ത് കയറാൻ.
ഫ്രഞ്ച് വിപ്ലവ കാലത്ത് സാധാരണ സൈനീകനായി ജീവിതം തുടങ്ങിയ നെപ്പോളിയൻ പിൽക്കാലത്ത് സൈനീകധിപനായും ശേഷം ഫ്രഞ്ച് റിപ്പബ്ലിക്കിൻറെ തലവനായതും എണമറ്റ അദ്ദേഹത്തിൻറെ യുദ്ധങ്ങളും ഒടുവിൽ 51 വയസ് മാത്രം പ്രായമുള്ളപ്പോൾ വാട്ടർലു യുദ്ധത്തിൽ പരാജിതനായി നാടുവിട്ട് അർബുദബാധിതനായി മരിച്ചതുമെല്ലാം ചരിത്രമാണ്. ഫ്രഞ്ച് വിപ്ലവം നൽകിയ ഉണർവിനെ സൈനീകമായി പ്രയോജനപ്പെടുത്തുക വഴി രാജ്യവികസനത്തിൽ വലിയ പങ്ക് വഹിച്ച നെപ്പോളിയൻ ഒന്നാമനെ ഫ്രഞ്ച് ജനത ഇപ്പോഴും പ്രിയത്തോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിനുള്ള തെളിവാണ് വമ്പൻ മ്യൂസിയത്തിലെ കാഴ്ച്ചകൾ. നെപ്പോളിയൻ മ്യുസിയം എന്നതിനേക്കാൾ ഇത് ഫ്രഞ്ച് സൈനീക മ്യൂസിയമാണ്. ദീർഘകാലം സൈനീക ഭരണത്തിലായിരുന്ന രാജ്യത്തെ മിലിട്ടറി ചരിത്രം ഒറ്റനോട്ടത്തിലറിയാൻ ഇവിടെ എത്തിയാൽ മതി.
ആദ്യകാല യുദ്ധോപകരണങ്ങൾ, യുദ്ധമുഖം, മിലിട്ടറി ഹോസ്പിറ്റൽ, വീരചരമം പ്രാപിച്ച സൈനികരുടെ വ്യക്തിഗത ചരിത്രം രേഖപ്പെടുത്തിയ വലിയ ഹാൾ, ആദ്യകാല സൈനികരുടെ റിട്ടയർമെൻറ് വസതികൾ തുടങ്ങി എല്ലാമുണ്ട് വലിയ മ്യൂസിയം കോംപ്ലക്സിൽ. പക്ഷേ വലിയ ആകർഷണം നെപ്പോളിയൻ ശവകുടീരവും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും ആഢംബരങ്ങളുമെല്ലാം തന്നെ. ഫ്രാൻസിനെ യൂറോപ്പിലെ ഒന്നാം ശക്തിയാക്കുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം നടത്തിയ യുദ്ധങ്ങൾ പലതും വിജയമായിരുന്നു-തോൽക്കാൻ മനസില്ലാത്തവൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടത് തന്നെ.
ആ സാഹസികതക്ക് തെളിവായി അദ്ദേഹം പ്രഖ്യാപിച്ച യുദ്ധതന്ത്രങ്ങളുടെ ലിഖിതരേഖകൾ മ്യൂസിയത്തിലുണ്ട്. സ്വന്തം കരുത്തിൽ വിശ്വസിക്കാനുള്ള ഊർജമാണ് നെപ്പോളിയൻ നൽകിയതെങ്കിൽ അദ്ദേഹത്തിൻറെ പിൻഗാമികൾ ധൂർത്തിൻറെയും അത്യാഢംബരങ്ങളുടെയും വക്താക്കളായതോടെയാണ് നെപ്പോളിയൻ എന്ന പേര് പോലും പിൽക്കാലത്ത് കുപ്രസിദ്ധമായത്. 1905 ലാണ് മ്യൂസിയം സ്ഥാപിതമായത്. നടുവിൽ വലിയ ചർച്ചാണ്. അതിനുള്ളിലായാണ് ശവകുടീരം-വിശാലമായ ഹാളിന് നടുവിലായി അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം. ചുറ്റിലും കല്ലിൽ കൊത്തിയ ശിൽപങ്ങൾ. ഫ്രഞ്ചുകാർ മാത്രമല്ല കാഴ്ച്ചക്കാരെല്ലാം അതിനെ വണങ്ങുന്നു.
അദ്ദേഹം ഭക്ഷണം കഴിക്കാനായി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ,ചെരുപ്പുകൾ, വസ്ത്രങ്ങൾ, തലപ്പാവ് ഇതെല്ലാം മ്യൂസിയത്തിലുണ്ട്. ഒരു ദിവസത്തോളം കാണാനുണ്ട് കാഴ്ച്ചകൾ. പുറത്തിറങ്ങി ഇംഗ്ലീഷ് അറിയുന്ന ഒരു ഫ്രഞ്ച് യുവതിയോട് നെപ്പോളിയനെ പുതിയ തലമുറ എങ്ങനെയാണ് നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവർ മ്യുസിയത്തിന് പുറത്തെ ലോകം കാണിച്ച് പറഞ്ഞത് ഫ്രാൻസ് ആ കാലം മറക്കില്ലെന്നാണ്. അസാധ്യമായി ഒന്നുമില്ല എന്ന് അദ്ദേഹം യുദ്ധങ്ങളിലുടെ തെളിയിച്ചുവെങ്കിൽ പുതിയ കാലം പറയുന്നത് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നാണ്.