X

പങ്കുവെക്കലിന്റെ സ്‌നേഹ മാതൃകകള്‍

Taj Mahal Agra India

റാശിദ് ഗസ്സാലി

ദാനധര്‍മ്മങ്ങളുടെ അനുസ്യൂത പ്രവാഹമാണ് ലോകമെങ്ങും വ്രതനാളുകളില്‍ നാം കാണുന്നത്. വിശപ്പടക്കാനും കണ്ണീരൊപ്പാനും തന്റെ സമൃദ്ധിയുടെ ഒരു ഭാഗം അര്‍ഹര്‍ക്ക് പങ്കുവെക്കുന്നവര്‍, തന്റെ പരിമിതികള്‍ക്കുള്ളില്‍ പോലും ഉള്ളതിന്റെ ഒരു വിഹിതം പാവങ്ങള്‍ക്കായി നീക്കിവെക്കുന്നവര്‍, ഭൂമിയിലെ മാലഖമാരെന്ന് വിളിക്കപ്പെടേണ്ടവര്‍ ഇത്തരം സുമനസ്സുകളാണ്.

അവശതയനുഭവിക്കുന്നവരുടെയും നിരാലംബരുടെയും ജീവിതം ചുറ്റുമുള്ള മനുഷ്യരുടെ കാരുണ്യത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. അത് അവരുടെ ഔദാര്യമല്ല ഓരോ മനുഷ്യരുടെയും സാമൂഹിക ബാധ്യതയാണ്. ജീവവായു ശ്വസിച്ച് അന്നവും പാനീയവും എടുത്ത് സുഖ സൗകര്യങ്ങളോടെ ജീവിക്കുന്ന നാം അപരന്റെ വേദനകള്‍ കാണാതെ നീങ്ങുന്നത് എത്രവലിയ അപരാധമാണ്.

ദാനധര്‍മങ്ങളില്‍ വിശിഷ്ടമായത് ഭക്ഷണവും വസ്ത്രവും നല്‍കി ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയെന്നതാണ്. പഴയമനുഷ്യര്‍ വീടുകളില്‍ പാകം ചെയ്ത ഭക്ഷണം പോലും പങ്കുവെക്കുകയെന്നത് നിത്യ സംഭവമായിരുന്നു. ഇന്നത് ബാക്കിയാകുമ്പോള്‍ മാത്രം സംഭവിക്കുന്ന അവസാന നിമിഷത്തിലേ ഉദാരതയാണ്. ഭക്ഷണവും വസ്ത്രവും പണവും സൗകര്യവും എല്ലാം പങ്കുവെക്കപ്പെടേണ്ടതാണ്. അര്‍ഹരെ കാണാത്തത് കൊടുക്കാനുള്ള മനസ്സ് നിര്‍ജ്ജീവമാകുമ്പോഴാണ്. നല്‍കാന്‍ നിറഞ്ഞ മനസ്സുണ്ടെങ്കില്‍ നിറകണ്ണുകളോടെ അത് ഏറ്റുവാങ്ങാന്‍ ആളുകള്‍ മുന്നിലെത്തും. നമ്മിലും മക്കളിലും കുടുംബത്തിലും പങ്കുവെക്കലിന്റെ മനോഹാരിത ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കണം.

Chandrika Web: