X

മലയാള ഭാഷയോടുള്ള പ്രാവസികളുടെ സ്‌നേഹം അതുല്യം: എംഎന്‍ കാരശ്ശേരി

അബുദാബി: മലയാള ഭാഷയോട് പ്രവാസികള്‍ കാണിക്കുന്ന സ്‌നേഹം അതുല്യമാണെന്ന് എംഎന്‍ കാരശ്ശേരി വ്യക്തമാക്കി. മലയാളത്തിന്റെ പ്രസക്തി ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയതും നെഞ്ചിലേറ്റിയതും പ്രവാസികളാണ്. മാതൃസ്‌നേഹംപോലെ മാതൃഭാഷയെയും സ്‌നേഹിക്കുന്ന പ്രവാസി സമൂഹം നാടിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തിയെട്ടാമത് സാഹിത്യ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പങ്ക് വളരെ വലുതാണ്. നമ്മുടെ ഭാഷയും സാഹിത്യവും അടിസ്ഥാനപരമായി ചില മൂല്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ഇടശ്ശേരിയുടെ പൂതപ്പാട്ടും, വൈലോപ്പിള്ളിയുടെ മാമ്പഴവും, ജി. ശങ്കരക്കുറുപ്പിന്റെ ചന്ദനക്കട്ടിലും സമ്മാനിക്കുന്ന സാഹിത്യ സുഖം അവിസ്മരണീയമാണ്. മലയാള ഭാഷ എത്രമാത്രം സുന്ദരമാണെന്നു നമ്മെ ബോധ്യപ്പെടുത്തിയ കവിയായിരുന്നു ചങ്ങമ്പുഴ.

സിംഹങ്ങളായ അക്ബറും സീതക്കുമെതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്ത കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അപമാനമാണ്. സ്വാമി വിവേകാനന്ദന്റെയും, ശ്രീരാമകൃഷ്ണ പരമഹംസന്റെയും, ടാഗോറിന്റെയും രാജാറാം മോഹന്റോയിയുടെയും, സത്യജിത്റേയുടെയും നാട്ടിലാണ് ഈ ശുദ്ധ അസംബന്ധം അരങ്ങേറിയത് എന്നത് ഏറെ ദുഖിപ്പിക്കുന്നു.
രാമന്‍ എന്നാല്‍ രമിപ്പിക്കുന്നവന്‍, സന്തോഷിപ്പിക്കുന്നവന്‍ എന്നാണ്. രാവണന്‍ എന്നാല്‍ കരയിപ്പിക്കുന്നവനും. എന്നാല്‍ ഇന്ന് രാമന്റെ പേരില്‍ രാവണന്റെ പണിയാണ് ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എംഎന്‍ കാരശശ്ശേരി പറഞ്ഞു.

അബുദാബി മലയാളി സമാജത്തിന്റെ 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന് അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചു.
സമാജം പ്രസിഡന്റ് റഫീഖ് കയനയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ടി. പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഷാജഹാന്‍ മാടമ്പാട്ട്, സമാജം കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍, സാഹിത്യ വിഭാഗം സെക്രട്ടറി അനില്‍ കുമാര്‍ ടി. ഡി. എന്നിവര്‍ സംസാരിച്ചു.

സമാജം ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ് രഖിന്‍ സോമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും, പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നതവിജയം കൈവരിച്ച സമാജം അംഗങ്ങളുടെ മക്കള്‍ക്കുള്ള മെറിറ്റ് അവാര്‍ഡും വിതരണം ചെയ്തു.

കമ്മിറ്റി അംഗങ്ങളായ എ.എം,അന്‍സാര്‍, സാബു അഗസ്റ്റിന്‍,പി.ടി. റഫീഖ്, ഷാജഹാന്‍ ഹൈദരാലി, ബിജു വാര്യര്‍, മനു കൈനകരി, ഗോപകുമാര്‍, വനിതാ കമ്മിറ്റി അംഗങ്ങളായ രാജലക്ഷ്മി സജീവ്, സൂര്യ അസ്ഹര്‍ലാല്‍, അമൃത അജിത്, സുധീഷ് കൊപ്പം, അഭിലാഷ്, സാജന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

webdesk13: