ലവ് ജിഹാദ് വിദ്വേഷമുയര്‍ത്തി ഉത്തരകാശിയിലെ തീവ്ര ഹിന്ദുത്വവാദികള്‍ മുസ്‌ലിങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് പിന്തുണ തേടി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശദാബ് ശംസ്.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഉത്തരാഖണ്ഡില്‍ മുസ്‌ലിങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയോട് അഭ്യര്‍ത്ഥിച്ചുവെന്ന് ചെയര്‍മാര്‍ പറഞ്ഞു. ലക്‌സറില്‍ നിന്നുള്ള ബി.എസ്.പി എം.എല്‍.എ ഹാജി മുഹമ്മദ് ശാദും ഒപ്പമുണ്ടായിരുന്നു.
ഒരു നിരപരാധിയും വേദന അനുഭവിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 15നകം കടകള്‍ ഒഴിഞ്ഞുപോകാന്‍ ഉത്തരകാശിയിലെ മുസ്‌ലിം വ്യാപാരികള്‍ക്ക് ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുരോലയില്‍ നിന്ന് തെഹ്‌രി ഗഡ്‌വാള്‍, ബാര്‍കോട്ട്, ചിന്യാലിനോര്‍, നോഗോവ്, ഡാംട്ട, ബര്‍ണിഗാഡ്, നട്വര്‍, ഭട്വാരി എന്നിവിടങ്ങളിലേക്കും വിദ്വേഷ പ്രചാരണം പടര്‍ന്നിട്ടുണ്ട്. ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്‍ന്ന് 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മെയ് 26 മുതലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
കുറ്റക്കാരായ ഉബൈദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ മെയ് 27ന് അറസ്റ്റിലായിരുന്നു. കേസില്‍ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയര്‍ത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ലവ് ജിഹാദ് കേസായി അവതരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിം കടകളും വീടുകളും നശിപ്പിക്കുകയായിരുന്നു.
ജൂണ്‍ 15നുള്ളില്‍ ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് സംസ്ഥാനം വിട്ട് പോകണമെന്ന പോസ്റ്ററുകളും സംഘപരിവാര്‍ പതിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പല മുസ്‌ലിം വ്യാപാരികളും കടകള്‍ അടച്ചിടാനും ജില്ല വിട്ട് പോകാനും തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.