ജയ്പൂര്‍: മുഹമ്മദ് അഫ്‌റസുലിനെ കൊന്നത് ഒരു കുറ്റമാണ് താന്‍ ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതി ശാബുലാല്‍ റൈഗര്‍. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദെല്‍വാര പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ശാംബുലാലിന്റെ പ്രതികരണം വന്നത്.
താന്‍ ചെയ്തത് ഒരു കുറ്റമാണെന്ന് ഇപ്പോഴും വിശ്വിസിക്കുന്നില്ല. തന്റെ സുഹൃത്തിന്റെ സഹോദരിയുമായി ഇയാള്‍ ഒളിച്ചോടിയിരുന്നു. അവളെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ സഹായിച്ചുവെന്നും തന്റെ മരുമകന്‍ വഴിയാണ് ഈ വീഡിയോ ഉണ്ടാക്കിയതെന്നും ശാബുലാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ഒരു മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചത്. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് സംഭവം. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുല്‍. രാജസ്ഥാനിലെ രാജ്‌സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ലൗജിഹാദ് ആരോപിച്ചുള്ള കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഘാതകനായ ശംഭുലാലിനെ തൂക്കിക്കൊല്ലണമെന്ന് അഫ്രസുലിന്റെ ഭാര്യ ഗുല്‍ബഹാര്‍ ബീവി പറഞ്ഞു. അദ്ദേഹം കൊല്ലപ്പെട്ടത് ഒരു മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ്. മഴു കൊണ്ട് തലക്കടിച്ച് വീഴ്ത്തി തീ കൊളുത്തി കൊല്ലപ്പെടാന്‍ മാത്രം അഫ്രസുല്‍ എന്ത് തെറ്റാണ് ചെയ്തത്. പേരക്കുട്ടികള്‍ പോലും ഉള്ള അദ്ദേഹത്തെ തീ കൊളുത്തുന്നതിന് മുന്‍പ് ഇറച്ചിവെട്ടുന്നതു പോലെയാണ് അവന്‍ വെട്ടിയരിഞ്ഞത്. അങ്ങനെ ചെയ്തവര്‍ക്കും അതേപോലുള്ള ശിക്ഷ ലഭിക്കണമെന്നം ഗുല്‍ബഹാര്‍ ബീവി കൂട്ടിച്ചേര്‍ത്തു.