X

‘ലൗജിഹാദ് ‘ ഇല്ലാകഥ ഹാദിയ കേസ് അവസാനിപ്പിച്ചു

 

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലെന്ന് വ്യക്തമായതോടെ ഹാദിയാ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു.
ഷെഫിന്‍ ജഹാന്‍-ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. മതം മാറി വിവാഹം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 11 കേസുകളിലും എന്‍ഐഎ അന്വേഷണം അവസാനിപ്പിച്ചു. ഇത്തരത്തില്‍ 89 വിവാഹങ്ങള്‍ നടന്നതില്‍ നിന്നും 11 എണ്ണമാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലൗ ജിഹാദിന്റെയോ, നിര്‍ബന്ധപൂര്‍വ്വമുളള മതപരിവര്‍ത്തനത്തിന്റെ ഇടപെടലോ, തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്‌നമില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ ഇത്തരം മതപരിവര്‍ത്തന വിവാഹത്തിന് സഹായിച്ചതായി കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നതിന് തെളിവില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.
കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതം മാറ്റങ്ങളില്‍ ഇത്തരം തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും എന്‍ഐഎ സുപ്രീംകോടതിയെ അറിയിച്ചു. മുസ്്‌ലിം ആയ ശേഷം ഷെഫിന്‍ ജഹാനുമായി നടന്ന വിവാഹം അസാധുവാണെന്ന് കാട്ടിയുളള ഹാദിയയുടെ പിതാവ് അശോകന്റെ ഹര്‍ജി പരിഗണിച്ച് 2017 മെയ് 24ന് കേരള ഹൈക്കോടതി ഇരുവരുടെയും വിവാഹം റദ്ദ് ചെയ്യുകയായിരുന്നു.
പിന്നീട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും, എന്നാല്‍ ഷെഫിന്‍ ജഹാന് തീവ്ര വാദ ബന്ധമുണ്ടെന്ന ആരോപണത്തെ സംബന്ധിച്ചും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.

chandrika: