പ്രൊഫ. പി.കെ.കെ തങ്ങള്‍
മനുഷ്യന്‍ അവന്റെ സ്വഭാവധാരയില്‍ അലിഞ്ഞു ചേര്‍ന്നുള്ള നിസാരവല്‍ക്കരണ പ്രകൃതത്തില്‍ തൃണവല്‍ഗണിച്ചു തള്ളുന്ന ലളിതവും എന്നാല്‍ ഗംഭീരവുമായ എന്തെന്ത് വസ്തുതകളാണ് ജീവിതം കൈവിട്ടു പോകുമ്പോള്‍ അവനെ നോക്കി പല്ലിളിക്കുകയെന്ന് ആര്‍ക്കാണ് തിരിച്ചറിവുള്ളത്?. ചുണ്ടിനും കപ്പിനുമിടെ ജീവിതം എത്ര ദൂരമെന്നറിയാതിരിക്കെ ആവതും വേഗത്തില്‍ വിവേകപൂര്‍വം അത് നുണഞ്ഞനുഭവിച്ച് ജീവിതം ഫലവത്താക്കുകയെന്നതാണ് ബുദ്ധി. ആകര്‍ഷിപ്പിച്ച് വഴി തെറ്റിച്ച് ദുരന്തത്തില്‍ ചെന്നുപെട്ട് ഗതി കിട്ടാക്കയത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ചിരിക്കാന്‍ വിപരീത ശക്തികള്‍ തനിക്ക് ചുറ്റും പാര്‍ത്തും പതുങ്ങിയും നിലയുറപ്പിച്ചിട്ടുണ്ടെന്ന വസ്തുത കൂടി കരുതിയിരിക്കേണ്ടതുണ്ട്. ശൈശവത്തില്‍ ‘കൈവളരുന്നോ കാല്‍വളരുന്നോ’ എന്ന് അനുനിമിഷം കൗതുകപൂര്‍വം നിരീക്ഷിക്കുന്നവര്‍ പോലും, മനമെങ്ങിനെ ഏത് ദിശയിലേക്ക് വളരുന്നുവെന്ന കാര്യത്തില്‍ അധികമൊന്നും ഗൗനിക്കാറില്ല. തൊട്ടാല്‍വാടിക്കരളുള്ളവനോ, മന്ദഗതിക്കാരനോ ആയിരിക്കരുത് മനുഷ്യന്‍. എന്നാല്‍ അവന്‍ കാരിരുമ്പ് ഹൃദയത്തിനുടമയോ യാഗാശ്വത്തിന്‍ വീരുകാണിക്കുന്നവനോ ആയിക്കൂടാ. ലളിതമായി ആസ്വദിച്ചും, ആനന്ദിച്ചും, പിടിച്ചു നിന്നും, തടുത്ത് നിന്നും, സ്വയം രക്ഷയും വിജയവും കണ്ടെത്തേണ്ടതാണ്.
സമാധാനവും അസമാധാനവും മനുഷ്യന്റെ മാനസികാവസ്ഥകളാണ്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാവാമെന്ന് മാത്രം. ആ വ്യത്യാസത്തെ ക്രമപ്പെടുത്താനുള്ളതാണല്ലോ ഉദാഹരണങ്ങള്‍ക്കോ ഉപമകള്‍ക്കോ അതീതമായ മനുഷ്യബുദ്ധി (െ്രെബന്‍). മനസിന്റെ നിര്‍ണയങ്ങള്‍ എത്ര ലളിതമാണെങ്കിലും കഠിനതരമാണെങ്കിലും അതില്‍ ഇടപെടുകയാണെന്ന ദൗത്യം ബുദ്ധിയുടേതാണ്. കുരുന്നുകളെ വാര്‍ത്തെടുക്കേണ്ടത് ആസ്വാദ്യകരമായ സ്പര്‍ശന അനുഭവങ്ങള്‍, സ്വരങ്ങള്‍, രുചികള്‍, വര്‍ണങ്ങള്‍ എന്നിവ ആസ്വദിപ്പിച്ചുകൊണ്ടായിരിക്കണം. അങ്ങിനെയാണെങ്കില്‍ പ്രായപൂര്‍ത്തിയും പിന്നീടുള്ള വളര്‍ച്ചയും തദനുസൃതമായിരിക്കും. അനുകൂല (പോസിറ്റീവ്) കാഴ്ചപ്പാടുള്ള ഒരു പൗരനായി കുഞ്ഞ് വളര്‍ന്നുവരും. അതാണ് മനുഷ്യവംശത്തെ മൊത്തമായി നന്മയിലേക്കെത്തിക്കുന്നതിന്റെ അടിത്തറ. വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഓരോ ശിശുവും ദൃശ്യലോകത്തിന്റെ മുഴുവന്‍ സമ്പത്താണെന്ന വിശാലമായ ആശയമാണ് മാനവരാശിയെ ഒന്നിപ്പിക്കേണ്ടത്.
മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ് അസ്ഥിരമാണ്. യാത്ര തിരിക്കേണ്ട നേരമേതാണെന്ന് അവനറിഞ്ഞുകൂടാ. ലോകത്തിന്റെ തിളക്കവും മിനുക്കവും കാത്തിരുന്നാസ്വദിക്കാന്‍ സമയം കിട്ടിക്കൊള്ളണമെന്നില്ല. തിരിച്ചു വിളിയുടെ നേരമേതാണെന്നാര്‍ക്കും അറിയുന്നതല്ല. ദൈര്‍ഘ്യം തീരെ കുറവാണെങ്കിലും അതിനെ സുദീര്‍ഘമായതായിട്ടാണ് മനുഷ്യന്‍ കാണുന്നത്. അക്കാരണത്താലാണ് ചെയ്യാനുള്ളതൊന്നും ചെയ്തു തീര്‍ക്കാതെ അലസമായെന്തെങ്കിലുമെല്ലാം ചെയ്യുന്നതും അന്തിമമായി അത് അപകടത്തില്‍ കലാശിക്കുന്നതും. ശരിയായ സത്യം കണ്ടെത്താനും, ആവശ്യമായ അനുകൂലശക്തി (പോസിറ്റീവ് എനര്‍ജി) സംഭരിക്കാനും അവന്‍ വിദൂരതയിലേക്ക് നോക്കി എന്തിനെയോ കാത്തിരിക്കുന്നു. അത്തരത്തിലുള്ള ആയുസിന്റെ സമയത്തിന്റെ പാഴ്‌ച്ചെലവില്‍ അവന്‍ പൊഴിച്ചു കളയുന്നതു ഫലവത്താക്കാവുന്ന ആയുസിനെയാണെന്ന ബോധ്യം അവനിലുണ്ടാവുന്നില്ല. നാളെയാകാം പിന്നെയാകാം എന്ന നീട്ടിവെപ്പാകുന്ന പൈശാചികതയിലേക്കവന്‍ എത്തിച്ചേരുന്നു. മനുഷ്യന്‍ അവന്റെ സൗഹൃദവലയത്തെ അവഗണിക്കുന്ന സ്വഭാവക്കാരന്‍ കൂടിയാണ്. അതിനു കാരണം അവന്റെ തിരിച്ചറിവുകേടാണ്. ഈ ഘട്ടങ്ങളിലെല്ലാം അവന് തുണയായ് വരേണ്ടത് അവന് കുഞ്ഞുനാളില്‍ കിട്ടിയ മാര്‍ഗ ദര്‍ശനങ്ങളാവേണ്ടിയിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ കൈവളര്‍ച്ചയും കാല്‍ വളര്‍ച്ചയും മാത്രമേ പരിഗണിച്ചുള്ളൂ. മനോവളര്‍ച്ചയുടെ അതിന്റെ ശക്തിയും ഗതിയും എപ്രകാരമെന്ന് തിരിച്ചറിയുന്നില്ല.
വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ തൊട്ടടുത്ത പങ്കാളികള്‍ കൂട്ടുകാരാണ്. ആ കൂട്ടുകാര്‍ ‘ആല ചാരിയാല്‍ ചാണകം മണക്കും’ എന്ന ഗണത്തില്‍ പെട്ടവരായാലോ?. അതുകൊണ്ടു ആതെരഞ്ഞെടുപ്പിലും മതിയായ പരിഗണന ആവശ്യമുണ്ട്. ‘ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും’ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇളം തലമുറയെ എത്തിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കല്ലേ?. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അഥവാ അടിസ്ഥാന വിവേകപ്രായം എത്തുന്നതുവരെ അവരുടെ ഇഷ്ടങ്ങളില്‍, തിരഞ്ഞെടുപ്പുകളില്‍ മാതാപിതാക്കള്‍ ഇടപെട്ട് കുഴപ്പമുണ്ടാക്കണമെന്നല്ല, മറിച്ച് നിര്‍ദ്ദോഷമായ നിയന്ത്രണങ്ങള്‍ക്ക് അറച്ചു നിന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വലുതായിരിക്കും. മാതാപിതാഗുരുദൈവം എന്ന ദിവ്യ ദര്‍ശനം വെറുതെയുള്ളതല്ല. മനുഷ്യ വംശത്തിന്റെ നല്ല നിലനില്‍പിന്റെ നിദാനമായിട്ടുള്ള ആദര്‍ശമാണത്.
മനുഷ്യവംശം നന്നായിത്തീരാന്‍, സത്യവും സമാധാനവും നിലനില്‍ക്കാന്‍, അത്യന്തം ആവശ്യമായിട്ടുള്ളത് പണത്തെക്കാളും സ്‌നേഹമെന്ന നിസ്തൂല വികാരമാണ്. നിസ്വാര്‍ത്ഥ സ്‌നേഹത്തിന് പകരമായി എടുത്തുപറയാന്‍ ലോകത്ത് മറ്റൊന്നുമില്ല. സ്‌നേഹമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും അത് ഫലപ്രദമായിക്കൊള്ളണമെന്നില്ല. സ്‌നേഹം അത് ഉറച്ച സ്‌നേഹമായിരിക്കണം. ചഞ്ചലമായിരിക്കരുത്. അത്തരം സ്‌നേഹം നേരിട്ടുള്ള ശത്രുതയെക്കാള്‍ ദോഷം ചെയ്യും.
കാരണം യഥാര്‍ത്ഥ സ്‌നേഹിതനെയും കപട സ്‌നേഹിയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും. ഇനി അതിലുമുണ്ട് വകതിരിവുകള്‍. നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ എളുപ്പമാര്‍ഗമായി ചില പ്രത്യേകക്കാരുമായി പടുത്തുയര്‍ത്തുന്ന സ്‌നേഹം. അതിന് ആയുസ് കുറവായിരിക്കും. പേരും പെരുമയുമുള്ളവരുമായി ഉണ്ടാക്കിയെടുക്കുന്ന സ്‌നേഹബന്ധങ്ങള്‍, ഒന്നുകില്‍ കാര്യലാഭത്തിനായി അല്ലെങ്കില്‍ ലോകമാന്യത്തിനായി ഇതും കപട സ്‌നേഹത്തില്‍ പെടുന്നതാണ്. അപ്രകാരം തന്നെ വലിയൊരു ഭൗതിക നേട്ടം കൈവശപ്പെടുത്താന്‍ ചിലരെ പാലമായി ഉപയോഗിച്ചു സ്‌നേഹിക്കുക. ഇത്തരം സ്‌നേഹ നിര്‍മാണങ്ങളെല്ലാം കുറ്റകരമാണ്. ഫലേച്ഛയില്ലാത്ത സ്‌നേഹം അഥവാ നിസ്വാര്‍ത്ഥ സ്‌നേഹം അതാണ് വിലമതിക്കപ്പെടുന്ന സ്‌നേഹം. സ്‌നേഹ ദര്‍ശനത്തിന്റെ നായകരായി ലോകം വിശേഷിപ്പിക്കുന്ന പ്രവാചകവര്യന്‍ മുഹമ്മദ് നബി (സ) യേശു ക്രിസ്തു എന്നിവരെല്ലാം കറയറ്റ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. സ്വന്തമായി കഷ്ടനഷ്ടങ്ങളും അളവറ്റ യാതനകളും സമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണവര്‍. അങ്ങേയറ്റം മൂല്യവത്തായ മൂലധനമായി പ്രപഞ്ചത്തില്‍ വല്ലതുമുണ്ടെങ്കില്‍ അതാണ് സ്‌നേഹം. അളവിലൊതുങ്ങാത്ത, കൊടുത്താല്‍ തീരാത്ത അക്ഷയനിധി. എന്നാല്‍ അത് ഉപയോഗിക്കുന്നതിലും, കൂടുതലായി വളര്‍ത്തിയെടുക്കുന്നതിലും മിക്കവരും പരാജയപ്പെടുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം.
‘ സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ
ലോകം
സ്‌നേഹത്താല്‍ വൃദ്ധി നേടുന്നു.
സ്‌നേഹം താന്‍ ജീവിതശ്രീമന്‍
സ്‌നേഹവ്യാഹതി തന്നെ മരണം.’
സ്‌നേഹത്തെക്കുറിച്ച് എത്ര തന്നെ വാഴ്ത്തി പയുമ്പോഴും അവിടെ ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യമനസിന്റെ വിശാലത. ലോകജനതയെ മുഴുവന്‍ സ്‌നേഹിക്കണമെന്നതാണല്ലോ എല്ലാ സച്ചരിത പാഠങ്ങളും. അടുത്തിടെ ഒരു പ്രഭാഷണ വേദിയില്‍ സ്‌നേഹത്തെയും മാനവിക സൗഹൃദത്തെയും ഐക്യത്തെയും കുറിച്ചെല്ലാം പ്രഭാഷണം നടക്കുന്ന വേദിയില്‍ ഒരു പ്രത്യേക നിമിഷം കയറിക്കൂടി. പ്രഭാഷണത്തിനിടെ പ്രഭാഷകന്‍ സദസിന്റെ മുന്‍ നിരയിലിരിക്കുന്ന ഒരാളെ ചൂണ്ടി ഒരു ചോദ്യമുന്നയിച്ചു. താങ്കള്‍ക്ക് തുറന്ന മനസോടെ എത്ര പേരെ സ്‌നേഹിക്കാന്‍ സാധിക്കും?. ചോദ്യം കേട്ട ആള്‍ അമ്പരന്നു. വ്യക്തമായൊന്നും പറഞ്ഞില്ല. അയാള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് ഓരോരുത്തരോടായി ചോദ്യം ഉന്നയിച്ചു. ആരും ഊഹങ്ങളല്ലാതെ കൃത്യമായ ഒരു മറുപടി പറഞ്ഞില്ല. ഒടുവില്‍ പ്രഭാഷകന്‍ തന്നെ എല്ലാവര്‍ക്കുമായി ഉത്തരം സ്വയം തന്നെ പറഞ്ഞു. അത് ഇപ്രകാരമായിരുന്നു.
പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്‌നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും ‘ക്ഷമിക്കണം പുതിയ സ്‌നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു’ എന്ന് പറഞ്ഞ് മാറിക്കളയുമോ?. ഒരിക്കലുമില്ല പ്രപഞ്ചത്തിലെ എന്തും ഏതും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ് മനുഷ്യഹൃദയം!. എന്നാല്‍ അതേസമയം എത്ര പേരെ വെറുക്കാന്‍ കഴിയുമെന്നാണ് ചോദ്യമെങ്കിലോ? ഇല്ല ഒരാളെപോലും വെറുക്കാനുള്ള ഇടം നേര്‍ മനസുകളിലുണ്ടാവില്ല എന്നതാണ് ഉത്തരം. കാരണം ഒരാളോട് വെറുപ്പെന്നല്ല അങ്ങിനെയൊരു പരാമര്‍ശത്തിന് പോലും മനസില്‍ ഇടം കാണില്ല. സ്‌കൂള്‍ കുട്ടികള്‍ തമ്മില്‍ ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരിലെങ്കിലും, ഒരു കൊച്ചു പിണക്കമുണ്ടായി വീട്ടില്‍ തിരിച്ചെത്തിയാല്‍ കുട്ടി ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ വീട്ടുകാരെ അങ്കലാപ്പിലാക്കുന്നത് നാം കാണാറില്ലേ!. എന്നുവെച്ചാല്‍ സ്‌നേഹത്തിന് വിപരീതമായൊന്നും സ്വീകരിക്കാത്ത തനിമയാര്‍ന്ന പ്രകൃമാണ് മനുഷ്യമനസിന് ഉള്ളത് എന്ന് സാരം. ആകയാല്‍ തിരിച്ചറിയേണ്ടത് ലോകസമാധാനത്തിന് അഥവാ മനുഷ്യസമാധാനത്തിനാവശ്യം നന്മ നിറഞ്ഞ സ്‌നേഹം നിറഞ്ഞ നിര്‍മല മനസുകളാണ് എന്ന സത്യമാണ്.