X

ചിഹ്നത്തിലും തന്നിഷ്ടം; അശോകസ്തംഭത്തെ ചൊല്ലി വിവാദം പുകയുന്നു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തെ ചൊല്ലി വിവാദം പുകയുന്നു. ഭരണഘടനാ വിരുദ്ധമായിട്ടാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതെന്ന ആരോപണത്തിന് പിന്നാലെ അതിന്റെ രൂപകല്‍പന സംബന്ധിച്ചും രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു കഴിഞ്ഞു. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോക സ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്നും ആര്‍ജെഡി വിമര്‍ശിച്ചു.

ഓരോ ചിഹ്നവും ഒരോ മനുഷ്യന്റെ ചിന്തയെ കാണിക്കുന്നു, ചിഹ്നങ്ങള്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം അറിയിക്കുന്നുവെന്നും ആര്‍ജെഡി ട്വിറ്റീല്‍ പരിഹസിക്കുന്നു. പ്രധാനമന്ത്രി അനാവരണം ചെയ്ത അശോക സ്തംഭത്തെ ഗോഡ്‌സെയോടും യഥാര്‍ത്ഥ അശോക സ്തംഭത്തെ മഹാത്മാ ഗാന്ധിയോടുമാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്. ഗാന്ധി മുതല്‍ ഗോഡ്‌സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നത്തില്‍ നിന്ന്, സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം തുറന്നുകാട്ടപ്പെട്ട ദംഷ്ട്രകളുള്ള കോപാകുലരായ സിംഹങ്ങളോടെയാണ്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ- പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. ദേശീയ ചിഹ്നം മാറ്റുന്നവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കണോ വേണ്ടയോ എന്ന് 130 കോടി ഇന്ത്യക്കാരോട് തനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

ലോക്‌സഭാ സ്പീക്കര്‍ നോക്കി നില്‍ക്കെ പ്രധാനമന്ത്രി അശോകസ്തംഭം അനാച്ഛാദനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. ഭരണഘടനാ അധികാര വിഭജനത്തെ മോദി അട്ടിമറിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.സത്യമേവ ജയതേ എന്ന അശോക സ്തംഭത്തിലെ വാക്യം പുതിയതില്‍ ഇല്ലാ ത്തതും വിവാദത്തിന് വഴിവെച്ചു. അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി പൂജ നടത്തിയതും വിവാദമായിട്ടുണ്ട്.

Chandrika Web: