പ്രണയിനിയോടൊപ്പമുള്ള സെല്‍ഫി നമ്പര്‍ മാറി വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കയച്ച് സിപിഎം പ്രാദേശിക നേതാവ് കുടുങ്ങി. ലോക്കല്‍കമ്മിറ്റി അംഗങ്ങളുടെ പ്രണയം വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ സി.പി.എം. അന്വേഷണം തുടങ്ങി. വനിതാ നേതാവിന്റെയും സഹകരണ ബാങ്ക് ജീവനക്കാരനും ലോക്കല്‍ കമ്മിറ്റി അംഗവുമായ പ്രാദേശിക നേതാവിന്റെയും പ്രണയ സല്ലാപദൃശ്യങ്ങളാണ് പുറത്തായത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ യുവതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പ്രചാരണത്തിന് പോകാതെ തെന്മല വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. ഇവിടവെച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ വിവാദ താരം. വിനോദസഞ്ചാരകേന്ദ്രത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള പ്രണയസല്ലാപത്തിന്റെ ദൃശ്യമാണ് പുറത്തായത്. തന്റെ കാമുകിയുടെ പേര് സിപിഎം നേതാവ് മൊബൈലില്‍ സേവ് ചെയ്തിരുന്നത് ചക്കര എന്ന പേരിലായിരുന്നു. അതേസമയം ചക്കരക്കുളം എന്ന പേരില്‍ പ്രാദേശിക വാട്‌സാപ്പ് കൂട്ടായ്മയില്‍ ടിയാന്‍ അംഗമായിരുന്നു. തെന്മലയില്‍വെച്ചെടുത്ത പ്രണയസല്ലാപ ചിത്രങ്ങള്‍ കാമുകിക്ക് അയച്ചുകൊടുക്കുന്നതിന് പകരം ചക്കരക്കുളം എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് സിപിഎം നേതാവ് ചിത്രങ്ങള്‍ ഇട്ടത്.
ഗ്രൂപ്പിലെ ചില വിരുതന്മാര്‍ ചിത്രങ്ങള്‍ ജില്ലാ നേതാക്കള്‍ക്ക് അയച്ചുകൊടുത്തതോടെ സംഗതി കൈവിട്ടുപോയി. ഗ്രൂപ്പുപോരു മുറുകിയിരിക്കുന്ന ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം ചൂടേറിയ ചര്‍ച്ചയായതോടെയാണ് പാര്‍ട്ടി അന്വേഷണത്തിനു രണ്ടംഗകമ്മീഷനെ നിയോഗിച്ചത്. ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രൂപ്പുപോരിനെ തുടര്‍ന്നാണിതെന്നുമുളള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ചിത്രങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് പാര്‍ട്ടിയിലെ വിവിധതലങ്ങളില്‍ പരാതികളെത്തിയിരുന്നു. വിവാഹിതരായ ഇവരുടെ നടപടി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാതെ ഉല്ലാസത്തിനുപോയതു ഗൗരവമായി കാണണമെന്നും കാണിച്ചാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്.