കൊല്‍ക്കത്ത: പ്രണയബന്ധത്തെ എതിര്‍ത്തതിന് പെണ്‍മക്കള്‍ അമ്മയെ തലക്കടിച്ച് കൊന്ന് കുളത്തിലിട്ടു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് സംഭവം. ജിയാഗഞ്ച് സ്വദേശിനി കല്‍പന ദേയ് സര്‍ക്കാറിനെയാണ് മക്കള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കല്‍പ്പനയുടെ മക്കളായ ശ്രേയ(18), റിഥിക(19) എന്നിവരെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ ഏഴിനാണ് പുര്‍ബ പ്രൈമറി സ്‌കൂള്‍ പ്രധാന അധ്യാപികയായ കല്‍പ്പനയെ കാണാതാകുന്നത്. അമ്മയെ കാണാതായിട്ടും മക്കള്‍ പരാതി നല്‍കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. അമ്മാവന്റെ വീട്ടില്‍ അമ്മ പോയെന്ന് കരുതിയാണ് പരാതി നല്‍കാത്തതെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ശ്രേയയുടെ പ്രണയത്തെ എതിര്‍ക്കുകയും സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്തതിനാലാണ് അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഒക്ടോബര്‍ ആറിന് രാത്രി അമ്മിക്കല്ലെടുത്ത് അമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശ്രേയയുടെ കാമുകന്റെ സഹായത്തോടെ സമീപത്തെ കുളത്തിലിട്ടുവെന്നാണ് പൊലീസ് പറയുന്നത്.
കല്‍പ്പനയെ മക്കള്‍ നിരന്തരമായി ഉപദ്രവിക്കാറുള്ളതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. 12 വര്‍ഷം മുമ്പാണ് കല്‍പ്പനയുടെ ഭര്‍ത്താവ് രഞ്ജിത്ത് റോയ് മരണപ്പെടുന്നത്. ശ്രേയയുടെ കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.