കണ്ണൂര്‍: ചരക്ക് സേവന നികുതി രാജ്യമൊട്ടാകെ നടപ്പാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ഭാഗ്യക്കേട് മാത്രം. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ പുതിയ നികുതി സമ്പ്രദായം വില്‍പനക്കാരുടെ നേരത്തെയുണ്ടായിരുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് കുറച്ചു. 25 ടിക്കറ്റ് അടങ്ങിയ ഒരു ബുക്ക് വില്‍ക്കുമ്പോള്‍ ഏതാണ്ട് 23 രൂപയാണ് വില്‍പനക്കാര്‍ക്ക് നഷ്ടമാകുന്നത്. 25 ടിക്കറ്റടങ്ങിയ ഒരു ബുക്കിന് 750 രൂപയാണ് വില.
നേരത്തെ 750 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ 567 രൂപയായിരുന്നു വില്‍പനക്കാര്‍ ഭാഗ്യക്കുറി ഓഫീസില്‍ അടക്കേണ്ടിയിരുന്നത്. ജി.എസ്.ടി വന്നതോടെ അടക്കേണ്ട തുക 590 ആയി വര്‍ധിച്ചു. ഇതേസമയം വില്‍പനക്കാര്‍ക്കുള്ള കമ്മീഷന്‍ ഉയര്‍ത്തിയതുമില്ല. 24.5ശതമാനമാണ് നിലവിലുള്ള കമ്മീഷന്‍. ജില്ലയില്‍ ഏതാണ്ട് 5000 അംഗീകൃത ഏജന്‍സികളാണുള്ളത്. ഒരു ലക്ഷത്തോളം പേര്‍ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവരാണ്. 12 ശതമാനമാണ് ഭാഗ്യക്കുറിയുടെ ജി.എസ്.ടി നിരക്ക്. അന്യസംസ്ഥാന ഭാഗ്യക്കുറിക്ക് 28 ശതമാനവുമാണ് ജി.എസ്.ടി.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ മറ്റെല്ലാ മേഖലകളിലും നികുതിഭാരം ഉപഭോക്താക്കള്‍ കൂടി പങ്കിടേണ്ട സ്ഥിതിയാണ്്. പ്രധാനമായും ഹോട്ടലുകളില്‍. എന്നാല്‍ ഭാഗ്യക്കുറിയുടെ വില സംസ്ഥാന സര്‍ക്കാര്‍ 30 രൂപയായി അടുത്തിടെ ഏകീകരിച്ചിട്ടുണ്ട്. ടിക്കറ്റിന് വില കൂട്ടി വില്‍പന നടത്താനും സാധ്യമല്ല. ഇതോടെയാണ് ഭാഗ്യക്കുറി വില്‍പനക്കാര്‍ വെട്ടിലായത്. നിലവിലെ സാഹചര്യത്തില്‍ ഓണം ബമ്പര്‍ പോലുള്ള ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 200 രൂപയ്ക്ക് വിറ്റിരുന്ന ബമ്പര്‍ ടിക്കറ്റിന്റെ വില 250 രൂപയായി വര്‍ധിപ്പിക്കാനാണ് നീക്കം. ഇതേസമയം ബമ്പര്‍ ടിക്കറ്റ് വില്‍പനയിലും വിതരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറഞ്ഞേക്കും. ജി.എസ്.ടി കാരണം വില്‍പനക്കാര്‍ ഏല്‍ക്കേണ്ടി വന്ന അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വില്‍പനക്കാരുടെ ആവശ്യം. സര്‍ക്കാര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 21ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
- 7 years ago
chandrika
Categories:
Video Stories
ജി.എസ്.ടി: ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ഭാഗ്യക്കേട് മാത്രം
Tags: L;OTTERY