X

കോടികള്‍ ചെലവിട്ടിട്ടും റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ കൂമ്പാരം

 

തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനായി വിനിയോഗിച്ചത് 54.36 കോടി. ഫോറം അച്ചടിക്കാന്‍ 3,84,49,985 രൂപ, ഫോട്ടോ ക്യാമ്പ് സംഘടിപ്പിച്ചതിന് 10,08,57,157, ഡാറ്റാ എന്‍ട്രിക്ക് 25,67,63,756, റേഷന്‍കാര്‍ഡ് അച്ചടിക്കാന്‍ 11,37,46,336, നോട്ടീസ് അച്ചടിക്കാന്‍ 13,01,050, കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ 93,06,312, മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കാന്‍ 16,07,633. മറ്റിനങ്ങള്‍ക്കായി 1,38,70,241 രൂപയും ഉള്‍പ്പെടെ 54,36,16,884.00 രൂപയാണ് ചെലവഴിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 80.18 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്. ഇതനുസരിച്ച് ഒരു കാര്‍ഡിന്റെ നിര്‍മാണത്തിനും വിതരണത്തിനുമായി 67 രൂപ വിനിയോഗിച്ചിരിക്കുന്നു. ഇത്രയധികം തുക ചെലവഴിച്ചിട്ടും കുറ്റമറ്റ രീതിയില്‍ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യാനായിട്ടില്ല. വിതരണം ചെയ്ത കാര്‍ഡുകളില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇത് തിരുത്താനായി വീണ്ടും അപേക്ഷ ക്ഷണിക്കുകയും ഇതിനായി ജീവനക്കാര്‍ക്ക് അധിക ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്.

വിതരണത്തിന് ശേഷം തെറ്റുകള്‍ സംബന്ധിച്ച് ഒരു ജില്ലയില്‍ ശരാശരി 2000 ഓളം പരാതികളാണ് ലഭിച്ചത്. വിതരണം തുടങ്ങിയത് മുതല്‍ പരാതി പ്രവാഹമായിരുന്നു. നിലവില്‍ ലഭിച്ചിട്ടുള്ള പരാതികളില്‍ തീര്‍പ്പുണ്ടാക്കിയ ശേഷം പുതിയ അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ വകുപ്പിന്റെ തീരുമാനം.ജനന സര്‍ട്ടിഫിക്കറ്റുകളിലും ആധാര്‍, എന്‍.പി.ആര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഇല്ലാത്ത തെറ്റുകളാണ് റേഷന്‍കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ളത്.

ജനന സര്‍ട്ടിഫിക്കറ്റിനും ആധാര്‍, എന്‍.പി.ആര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അടിസ്ഥാന രേഖകള്‍ ആവശ്യമുള്ളപ്പോള്‍ കുട്ടികളുടെ പേര് ചേര്‍ക്കുന്ന റേഷന്‍ കാര്‍ഡില്‍ ആറ് വയസിന് താഴെയുള്ളവര്‍ക്ക് യാതൊരു രേഖയും ആവശ്യമില്ല. റേഷന്‍കാര്‍ഡ് പുതുക്കുന്ന സമയത്ത് നിലവിലുള്ള കുടുംബനാഥനോ കുടുംബനാഥയോ സ്വന്തം ഉത്തരവാദിത്തത്തില്‍ കോളം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. ആറ് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നിയമപരമായ അടിസ്ഥാന രേഖകള്‍ ആവശ്യമുള്ളൂ. കുട്ടികളുടെ വയസ്്, ലിംഗ വ്യത്യാസം, മാതാപിതാക്കളുടേയും കുട്ടികളുടേയും പേരുകളില്‍ വരുന്ന വ്യത്യാസം തുടങ്ങിയ നിരവധി തെറ്റുകളാണ് റേഷന്‍കാര്‍ഡുകളിലുള്ളത്.

chandrika: