X

നഷ്ടമായത് സ്‌നേഹസ്പര്‍ശം

കെ.എസ് മുസ്തഫ
കല്‍പ്പറ്റ

2019 ആഗസ്്ത് പതിനാറിലെ പ്രഭാതം. ഉരുള്‍പൊട്ടിയ ദുരിതത്തില്‍ ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്‌നേഹാശ്ലേഷവുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എത്തി. സര്‍വ്വവും നഷ്ടപ്പെട്ട് മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് സ്‌കൂളിലെ ക്യാമ്പില്‍ കഴിയുകയായിരുന്ന ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ അറുപതുകാരി പൂത്ത മകന്റെ കൈപിടിച്ച് തങ്ങള്‍ക്കു മുന്നില്‍നിന്നു.

കണ്ണിമ വെട്ടാതെ അദ്ദേഹത്തെ തന്നെ നോക്കിനിന്നു അവര്‍. ഹൈദരലി തങ്ങള്‍ മടങ്ങുമ്പോള്‍ ഒന്നും പറായിതിരുന്നതെന്തെന്ന് ചോദിച്ച ബന്ധുക്കളോട് പൂത്ത പറഞ്ഞു. ‘തങ്ങളെ കണ്ടില്ലേ, അത് മതി. എനിക്ക് സന്തോഷായി.’ 16 പേരുടെ ജീവന്‍ കവര്‍ന്ന ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ തങ്ങള്‍ക്കുമുന്നില്‍ വേദന ഇറക്കിവെച്ചു.

ഒരിക്കലും തീരാത്ത നോവുകള്‍ ഹൃദയത്തിലേറ്റിയ ഹൈദരലി തങ്ങള്‍ അവര്‍ക്കായും മുഴുവന്‍ ദുരിബാധിതര്‍ക്കായും പ്രാര്‍ത്ഥിച്ചു. മടങ്ങുമ്പോള്‍ തങ്ങളുടെ കണ്ണുകളും നോവനുഭവങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞുതുടങ്ങിയിരുന്നു. വയനാടിന് എക്കാലവും ഹൈദരലി തങ്ങള്‍ പ്രതീക്ഷയും പ്രാര്‍ത്ഥനയുമായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, മത രംഗങ്ങളിലെ ഏത് പരിപാടിക്കും ഉദ്ഘാടനത്തിന് ആദ്യം അന്വേഷിക്കുന്ന പേരായിരുന്നു തങ്ങളുടേത്. ജില്ലാ ഖാസിയായി വയനാടിന്റെ ആത്മീയ നേതൃത്വം ഏറ്റെടുത്ത അദ്ദേഹം സമുദായത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ഉജ്ജ്വല നേതൃത്വമായി മുന്നില്‍ നിന്നു.

വയനാടിന് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും പച്ചത്തുരുത്തായിരുന്നു തങ്ങള്‍. എല്ലാ ദിവസവും വയനാട്ടില്‍ നിന്ന് പാണക്കാട്ടേക്ക് യാത്രകളുണ്ടാവും. ചൊവ്വാഴ്ചകളില്‍ അത് പതിന്മടങ്ങായി ഉയരും. ഹൈദരലി തങ്ങളുടെ വിയോഗത്തോടെ ജില്ലക്ക് നഷ്ടമാവുന്നത് വലിയൊരു സ്‌നേഹത്തണലാണ്.

Test User: