കലര്‍പ്പില്ലാത്ത വിശ്വാസവും ഉന്നതമായ മൂല്യങ്ങളും ധാര്‍മിക ബോധവും കൊണ്ട് രാഷ്ട്രീയ ജീവിതത്തിന്റെ പൊതുമണ്ഡലത്തില്‍ വെളിച്ചം പകര്‍ന്ന രണ്ടു നായകരുടെ വേര്‍പാടിന്റെ ദിനമാണിന്ന്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും. അഭിമാനകരമായ അസ്ഥിത്വത്തിന് സ്വത്വരാഷ്ട്രീയത്തിന്റെ കൊടിയടയാളം അനിവാര്യമാണെന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ ദര്‍ശനത്തിന്റെ പ്രായോഗിക മാതൃകകളായിരുന്നു രണ്ടു പേരും. ഒരേ കാലത്ത് ജീവിച്ചിരുന്ന സഹപ്രവര്‍ത്തകരായ രണ്ടു പേര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്ന സമൂഹവും സമസ്യകളും ഒന്നു തന്നെയായിരുന്നു.
സഹോദരനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകളും ഞങ്ങള്‍ സഹോദരങ്ങളുടെ ജീവിതവും വേര്‍തിരിച്ചെഴുതാന്‍ കഴിയാത്ത വിധം ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. പിതാവ് പൂക്കോയ തങ്ങളുടെ വേര്‍പാടിനു ശേഷം നഷ്ടപ്പെട്ട പിതൃവാല്‍സല്യത്തിന്റെ കരുതലും സ്‌നേഹവും പകര്‍ന്നുതന്നത് മൂത്ത സഹോദരനായ ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഈജിപ്ത് പഠനകാലത്തെ അറിവും അനുഭവങ്ങളും ഒരു കഥ പോലെ പറഞ്ഞു തരുമായിരുന്നു. ഈജിപ്തിന്റെ രാഷ്ട്രീയം, സൂഫി ചിന്തകളുടെ മധ്യമ നിലപാടുകള്‍, മഹ്മൂദ് അഖാദിയുടെ സാഹിത്യ ക്ലാസുകളിലെ അനുഭവങ്ങള്‍, പില്‍ക്കാലത്ത് നേബേല്‍ സമ്മാന ജേതാവായ ഈജിപ്ഷ്യന്‍ കഥാകാരനും എഴുത്തുകാരനുമായ നജീബ് മഹ്ഫൂസിനെ കുറിച്ചുള്ള ഓര്‍മകള്‍ തുടങ്ങി എഴുത്തും വായനയും സാഹിത്യ മേഖലയില്‍ നിന്നും ലഭിച്ച അംഗീകാരങ്ങളും പാണക്കാട്ടെ തറവാട്ടു വീട്ടിലെ മാളികമുകളില്‍ ഇരുന്നു ഞങ്ങള്‍ക്കു പറഞ്ഞു തരാറുണ്ടായിരുന്നു.ആ വലിയ വ്യക്തിത്വം രൂപപ്പെടുത്തിയ കാലത്തെ അനുഭവങ്ങള്‍ വലിയ പ്രചോദന വാക്കുകളായിരുന്നു. പില്‍ക്കാലത്ത് പൊതുജീവിതത്തില്‍ സജീവമായതോടെ തിരക്കുകളുടെ ലോകത്തായി അദ്ദേഹം. ആ ജീവിതത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും സസൂക്ഷ്മം പഠിക്കാനും പകര്‍ത്താനും ശ്രമിച്ചിട്ടുണ്ട്. വിനയവും ക്ഷമയും സംയമനവും പാഥേയം പോലെ കൂടെയുള്ളപ്പോഴും ആ വാക്കുകള്‍ക്ക് ആര്‍ജവവും ആഹ്വാനങ്ങള്‍ക്ക് ശക്തിയുമുണ്ടായിരുന്നു. മതത്തിന്റെ ശിആറുകള്‍ ആദരവോടെ ജീവിതത്തിന്റെ ഭാഗമാക്കിയപ്പോഴും മതേതരത്വത്തിന് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടി. വിശാലമായിരുന്നു ആ ജീവിതം. സ്രഷ്ടാവിനോടുള്ള ആരാധനയും സൃഷ്ടികളോടുള്ള ആദരവും. അതിനിടയില്‍ ജാതിയും മതവും രാഷ്ട്രീയവും വംശവും ദേശവും മനുഷ്യത്വത്തിന് തടസമല്ലെന്ന് ജീവിതം കൊണ്ട് മാതൃക കാണിച്ചു.
സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും ഏറെ അറിവും അനുഭവങ്ങളുമുള്ള നേതാവായിരുന്നു. അഞ്ചു വര്‍ഷത്തോളം അദ്ദേഹം മക്കയില്‍ ആത്മീയ പഠന രംഗത്ത് ഉണ്ടായിരുന്നു. വിമോചന സമരകാലത്ത് ജയില്‍വാസവും വരിച്ചു. വെല്ലുവിളികളെ ജയിക്കാനുള്ള കരുത്തും കര്‍മമണ്ഡലങ്ങളെ എളുപ്പമാക്കാനുള്ള ഹിഖ്മത്തുമുണ്ടായിരുന്നു അദ്ദേഹത്തിന്. ആദര്‍ശ രംഗത്ത് കണിശത പുലര്‍ത്തി. പ്രശ്‌ന സങ്കീര്‍ണതകളുടെ കുരുക്കഴിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ധ്യം മുസ്‌ലിം ലീഗ് സംഘടനാ സംവിധാനത്തിനകത്ത് ഏറെ അനുഗ്രഹമായിരുന്നു. വിഷയങ്ങള്‍ കൃത്യമായി പഠിക്കുകയും അത് വിശകലനത്തിനു വിധേയമാക്കുകയും കൂടിയാലോചിക്കുകയും അതില്‍ നിന്നുള്‍തിരിയുന്ന അഭിപ്രായങ്ങള്‍ വ്യക്തതയോടെ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. തങ്ങള്‍ മിതഭാഷിയായിരുന്നെങ്കിലും പറയുന്ന കാര്യങ്ങള്‍ അര്‍ഥഗര്‍ഭമായിരുന്നു. ബാഫഖി കുടുംബം വലിയ കച്ചവട കുടുംബം കൂടിയായിരുന്നു. കച്ചവടത്തില്‍ വലിയ സത്യസന്ധ പുലര്‍ത്തിയിരുന്നതുകൊണ്ടു തന്നെ ആ മേഖലയില്‍ ഉയര്‍ച്ചയുമുണ്ടായിരുന്നു. എന്നാല്‍ ഉമര്‍ ബാഫഖി തങ്ങള്‍ കുടുംബ പാരമ്പര്യങ്ങളില്‍ നിന്നും തെന്നിമാറി എല്ലാ സമയത്തും സാമൂഹിക രംഗത്ത് സജീവമായിരുന്നു. സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്ത് അടയാളപ്പെടുത്തിയതായിരുന്നു ആ ജീവിതം. ശിഹാബ് തങ്ങളും ഉമര്‍ ബാഫഖി തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃപദവിയിലിരിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന്നു വേണ്ടി പരിശ്രമിക്കുകയും യോജിച്ച മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. സഹോദര സമുദായങ്ങളുമായി സൗഹാര്‍ദത്തിന്റെയും സാഹോദര്യ ബന്ധത്തിന്റെയും സ്‌നേഹവഴികള്‍ തുറന്നിടുകയും ചെയ്തു. നമ്മുടെ നാട് കാത്തുപോന്ന മതേതരത്വത്തിന് ജീവിതത്തിലൂടെ കരുത്ത് പകര്‍ന്നു. പ്രശ്‌ന സങ്കീര്‍ണമായ കാലഘട്ടമായിരുന്നെങ്കിലും മുസ്‌ലിം ലീഗ് രാഷ്ട്രീയ രംഗത്ത് ഏറെ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ കാലഘട്ടം കൂടിയാണത്. മാതൃസംഘടനക്കു കീഴില്‍ നിരവധി പോഷക ഘടകങ്ങള്‍ രൂപീകരിക്കുകയും വിദ്യാര്‍ഥി യുവജന രാഷ്ട്രീയ രംഗത്ത് ഒട്ടേറെ പരിഷ്‌ക്കരണങ്ങളും മുന്നേറ്റങ്ങളുമുണ്ടാക്കാന്‍ സാധിച്ചു.
മതേതരത്വ കാര്യത്തില്‍ ദേശീയ തലത്തില്‍ വലിയ വിള്ളലുകള്‍ വീഴാന്‍ തുടങ്ങിയ അക്കാലത്ത് മലയാളക്കരയില്‍ മതേതരത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്‌ലിം ലീഗിനെ സജ്ജമാക്കാന്‍ സാധിച്ചു. തൊണ്ണൂറുകളില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം മലയാളക്കരയില്‍ രൂപം കൊണ്ട തീവ്രവാദ അസ്വസ്ഥതകളെ ആശയപരമായി നേരിടുന്നതിലും സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിലും സ്മര്യ പുരുഷന്‍മാര്‍ നേതൃത്വം നല്‍കി. അവരുടെ ഓര്‍മകള്‍ വരും കാലത്തേക്കുള്ള യാത്രയില്‍ ഏറെ പ്രചോദനവും ആത്മവിശ്വാസവും പകരുന്നതാണ്. ഇരുവരുടെയും പരലോക മോക്ഷത്തിനും നമ്മുടെ ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കാം. പ്രാര്‍ത്ഥന തന്നെയായിരുന്നു അവരുടെ ജീവിതം.