എ. മുഹമ്മദ് മാറഞ്ചേരി
ഇന്ത്യയില്‍ വഖഫ് സ്വത്തുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനു മൂല്യമുള്ള സ്വത്തുകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇത് കണ്ടെത്താന്‍ സച്ചാര്‍ കമ്മീഷനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യഭ്യാസ സ്ഥിതിയെകുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2005 മാര്‍ച്ച് 9 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് കമ്മീഷന്‍ സന്ദര്‍ശിച്ചത്. ഈ സംസ്ഥാനങ്ങളിലെ ചിലതിലെ നഷ്ടപ്പെട്ട കണക്കുകളാണ് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബാക്കിയുള്ള സംസ്ഥാനങ്ങളില്‍കൂടി പഠനം നടത്തിയാല്‍ നഷ്ടത്തിന്റെ കണക്കുകള്‍ എത്രയോ ഇരട്ടിയായിരിക്കും. വഖഫ് സ്വത്തുകള്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളും കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ മാത്രമല്ല സര്‍ക്കാരുകളും സര്‍ക്കാര്‍ ഏജന്‍സികളും വഖഫ് സ്വത്തുകള്‍ അനധികൃതമായി കൈവശംവെച്ച് ഉപയോഗിക്കുന്നുവെന്ന് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാടക നല്‍കാതെ കെട്ടിടങ്ങള്‍ കൈവശം വെക്കുക, പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കുക, ഇതിനെല്ലാം ഉദ്യോഗസ്ഥ പ്രഭുക്കള്‍ കൂട്ടുനില്‍ക്കുക ഇതൊക്കെയാണ് നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങള്‍. കേരളത്തില്‍പോലും വഖഫ് ഭൂമി പലരും കൈവശംവെച്ച് ഉപയോഗിക്കുന്നു. അവര്‍ക്ക് അതിന് കരമടക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്‍ വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്‍ ഇന്ത്യയില്‍ വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആധാര വില അര നൂറ്റാണ്ട് മുന്‍പത്തേതാണ്. ഇപ്പോഴത്തെ കണക്കുപ്രകാരം ഏകദേശം 1.2 ലക്ഷം കോടി വില വരുമെന്ന് കമ്മീഷന്‍ പറയുന്നു.
വഖഫ് സ്വത്തിന്റെ സുരക്ഷക്കും വഖഫ് ഭരണം കാര്യക്ഷമാക്കുന്നതിനും 1976 മാര്‍ച്ച് 26 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്ത് അയക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. 1 സാധ്യമായിടത്ത് വഖഫ് സ്വത്തുകള്‍ ഒഴിയുകയും ബന്ധപ്പെട്ട വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്യുക. 2 വിലപിടിപ്പുള്ള കെട്ടിടങ്ങള്‍ പണിയുകയും പ്രയാസമാവുകയും ചെയ്ത, സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വഖഫ് ബോര്‍ഡുമായി മാര്‍ക്കറ്റ് വില നല്‍കി സ്ഥിരം പാട്ട കരാറിലേര്‍പ്പെടാം. 3 മാര്‍ക്കറ്റ് വില നല്‍കി വഖഫ് ബോര്‍ഡില്‍ നിന്ന് നേരിട്ടോ മുതവല്ലിയില്‍ നിന്നോ അവരുടെ അനുമതിയോടെ സ്വത്തിന്റെ അവകാശം നേടിയെടുക്കാം. ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിമാര്‍ വേണ്ടത്ര ഗൗനിച്ചില്ല.
സര്‍ക്കാരുകള്‍ വഖഫ് സ്വത്തുക്കള്‍ കൈയേറ്റം ചെയ്തതിനെ കമ്മീഷന്‍ വിമര്‍ശിച്ചിട്ടുണ്ട്. സ്വകാര്യ കച്ചവടക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുവെന്നാണ് കമ്മീഷന്‍ പറഞ്ഞത്. എന്നാല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മാര്‍ക്‌സിസ്റ്റ് ഭരണകൂടം ‘തിക്കാ’ നിയമം കൊണ്ടുവന്നു. ‘തിക്കാ ആക്ട്’ എന്ന് പൊതുവെ അറിയപ്പെടുന്ന ‘തിക്കാ ആന്റ് അദര്‍ ടെനന്‍സീസ് ആന്റ് ലാന്റ്‌സ് (അക്യൂസിഷന്‍ ആന്റ് റെഗുലേഷന്‍) ആക്ട് 1981 ല്‍ പശ്ചിമബംഗാള്‍ നിയമസഭ പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഈ നിയമം വഴി വഖഫ് സ്വത്തുകള്‍ പാട്ടത്തിനെടുത്തവര്‍ സ്വത്തിന്റെ ഉടമസ്ഥരായി, വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. വഖഫിന്റെ സ്വത്തുക്കള്‍ വന്‍കിട ഭൂവുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലഭ്യമായി. മാര്‍ക്‌സിസ്റ്റ് ഭരണകൂടം അവരുടെ തനിനിറം കാണിച്ചു.
സര്‍ക്കാരും അര്‍ധ സര്‍ക്കാരും മറ്റു ഏജന്‍സികളും കൈയടക്കിവെച്ച വഖഫ് സ്വത്തുക്കളുടെ കണക്കുകള്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ആര്‍ക്കിയോളജിക്കല്‍ സെര്‍വ് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ വഖഫ് സ്വത്തു കൈയടക്കിവെച്ചിട്ടുണ്ട്. അവ പള്ളികള്‍ മഖ്ബറകള്‍, മദ്രസകള്‍, ഈദ്ഗാഹുകള്‍ എന്നിവയാണ്. ഡല്‍ഹി വികസന അതോറിറ്റി അനധികൃതമായി ഡല്‍ഹിയിലെ വഖഫ് സ്വത്തു കയ്യടക്കി വെച്ചത് 114 നമ്പര്‍ വസ്തുവഹകളാണ്. അതില്‍ ഖബര്‍സ്ഥാന്‍, മദ്രസ, പള്ളി, ഈദ്ഗാഹ്, എന്നിവയാണ്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കൈവശം എട്ടോളം വഖഫ് സ്വത്തുക്കളുണ്ട്. മദ്രസ, ഈദ്ഗാഹ്, ശ്മശാനം എന്നീ വസ്തുവഹകളാണ്. ഡല്‍ഹി റെയില്‍വേ രണ്ടു വസ്തുവഹകള്‍ കൈവശം വെച്ചിരിപ്പുണ്ട്. ഡല്‍ഹി കന്റോണ്‍മെന്റിന്റെ അനധികൃത കൈവശത്തില്‍ ആറ് പള്ളികളാണുള്ളത്. ഡല്‍ഹി ജല ബോര്‍ഡും അനധികൃതമായി വഖഫ് ഭൂമിയും ഖബര്‍സ്ഥാനും ഈദ്ഗാഹും കൈവശം വെച്ചുകൊണ്ടിരുക്കുന്നു. ഡല്‍ഹി പൊലീസിന്റെ കൈവശത്തില്‍ ദര്‍ഗയും മസ്ജിദും ഉണ്ടെന്നു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖ പെടുത്തിയിട്ടുണ്ട്.
മേഘാലയില്‍ 11 ഉം രാജ്യസ്ഥാനില്‍ 17 ഉം സ്വത്തുവഹകള്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കൈവശത്തിലുണ്ട്. യു. പിയില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപങ്ങള്‍ കൈയടക്കി വെച്ചിരിക്കുന്നത് പത്തോളം സ്വത്തുക്കളാണ്. ഉത്തര്‍പ്രദേശില്‍ 53 സ്വത്തുവഹകളും ബെംഗളൂരു ഗ്രാമത്തില്‍ 3 ഉം ബെംഗളൂരു നഗരത്തില്‍ 9 ഉം ബെല്ലാരി ജില്ലയില്‍ നാലും ബല്‍ഗാം ജില്ലയില്‍ അഞ്ചും ബിജാപൂര്‍ ജില്ലയില്‍ 11 ഉം ബിദാര്‍ ജില്ലയില്‍ ഒമ്പതും ബഗല്‍ കോട്ട ജില്ലയില്‍ എട്ടും ചമരഞ്ച നഗറില്‍ രണ്ടും ചിക്ക് മംഗളൂരു ഒന്നും ചിത്രദുര്‍ഗ ജില്ലയില്‍ എട്ടും മറ്റും ജില്ലകളിലായി അമ്പത്തിയൊന്നും വസ്തുവഹകള്‍ നഷ്ടപെട്ടതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്. കോടികണക്കിന് രൂപ വിലമതിക്കുന്ന അഞ്ഞൂറ്റി പതിനൊന്നു വസ്തുവഹകള്‍ നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിനെ ഏല്‍പ്പിക്കുകയും വഖഫ് ചെയ്തവരുടെ ഉദ്ദേശവും ലഷ്യവും പ്രാവര്‍ത്തികമാക്കുകയും വേണം. ഇതിനു വേണ്ടി മുസ്‌ലിം ലീഗ് നേതാക്കളും പാര്‍ലമെന്റ് മെമ്പര്‍മാരും ശബ്ദമുയര്‍ത്തിയുണ്ട്. അവരുടെ പ്രവര്‍ത്തനഫലമായി 1996 -2006 കാലഘട്ടത്തില്‍ പാര്‍ലമെന്റ് സമിതി നിലവില്‍വന്നു. സമിതിയുടെ ഉത്തരവാദിത്വങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. 1 രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ കണ്ടെത്തുക, കണക്കാക്കുക, ഉറപ്പുവരുത്തുക. 2 വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈയേറിയ വഖഫ് സ്വത്തുക്കള്‍ തിട്ടപ്പെടുത്തി അവ തിരിച്ചുപിടിക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുക.
3 നിയമവിരുദ്ധമായി സമ്മാനിക്കപ്പെടുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ പാട്ടത്തിനുകൊടുക്കുകയോ വില്‍ക്കുകയോ ചെയ്തിട്ടുള്ള ഭൂമികള്‍ കണ്ടെത്തുകയും ഉത്തരവാദികളായവരെ കണ്ടെത്താനും ഭൂമി തിരിച്ചുപിടിക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുക. 4 വഖഫ് സ്വത്തുക്കളുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിനുള്ള സാധ്യതകള്‍ ആരായുക. 5 1995 ലെ വഖഫ് നിയമം വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഏതളവുവരെ നടപ്പിലാക്കിയെന്നു കണ്ടെത്തുക. 6 വഖഫ് ഭൂമികള്‍ തിരിച്ചുപിടിക്കലുള്‍പ്പെടെയുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാധ്യമാവുന്നരീതിയില്‍ 1995 ലെ വഖഫ് നിയമത്തിന് യുക്തമായ ഭേദഗതികള്‍ നിദ്ദേശിക്കുക. 7 കേന്ദ്രവഖഫ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫലപ്രദമാക്കാനാവശ്യമായ മാര്‍ഗങ്ങള്‍ നിദ്ദേശിക്കുക. 8 സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് അവയുടെ സുഗമവും ശരിയാംവണ്ണമുള്ള പ്രവര്‍ത്തനത്തിനുള്ള ശുപാര്‍ശ ചെയുക. 9 മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ നിര്‍മാണ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
സമിതിയുടെ സമഗ്രമായ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും പുറത്തുവന്നിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിം പണ്ഡിതമാരും സംഘടനകളും ഒന്നിച്ചുനില്‍ക്കണം. മാത്രമല്ല, കക്ഷി രാഷ്ട്രീയ ഭേദമെന്യെ മുഴുവന്‍ പാര്‍ലമെന്റ് മെമ്പര്‍മാരെയും ഇതിനുവേണ്ടി സഹകരിപ്പിക്കണം. ഇതൊരു രാഷ്ട്രീയ പ്രശനമല്ല. സാമൂഹ്യ പ്രശ്‌നമാണ്. പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവെച്ച സ്വത്തുക്കള്‍ മറ്റുള്ളവര്‍ കൈവശംവെക്കുന്നതും കൈയേറ്റം ചെയ്യുന്നതും അനീതിയാണ്.