X

പല്ല് കൊഴിഞ്ഞ് യു.എസ്-എഡിറ്റോറിയല്‍

ഒരാഴ്ച മുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തിയ പ്രസംഗത്തില്‍ മാറുന്ന ലോകക്രമത്തെക്കുറിച്ച് ചില പ്രവചനങ്ങള്‍ നടത്തി. അന്താരാഷ്ട്രതലത്തില്‍ പാശ്ചാത്യ ശക്തികള്‍ക്കുണ്ടായിരുന്ന ആധിപത്യത്തിന് ശക്തിക്ഷയം സംഭവിച്ചുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യുക്രെയ്‌നുമേല്‍ അന്യായമായി അടിച്ചേല്‍പ്പിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയെയും സഖ്യകക്ഷികളെയും കൊച്ചാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന് തോന്നുമെങ്കിലും അതില്‍ അല്‍പം പൊരുളുണ്ടെന്ന് ആര്‍ക്കും മനസ്സിലാകും. സമീപ കാലം വരെയും ദുര്‍ബല രാജ്യങ്ങളെ വിറപ്പിച്ചുനിര്‍ത്തിയിരുന്ന പാശ്ചാത്യ സാമ്രാജ്യത്വത്തിന് ശൗര്യം നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളം അഫ്ഗാനിസ്താനില്‍ താലിബാന്‍ പോരാളികളോട് സര്‍വായുധ സജ്ജരായി പോരാടിയിട്ടും അമേരിക്കക്ക് ഇളിഭ്യരായി തോറ്റോടേണ്ടിവന്നത് മേല്‍ക്കോയ്മയുടെ പഴയ സമവാക്യങ്ങള്‍ മായുന്നതിന്റെ സൂചനകളാണ്.

ലോക പൊലീസ് പരിവേഷമുണ്ടായിരുന്ന അമേരിക്കയുടെ വാക്കുകള്‍ക്കിപ്പോള്‍ ആരും ചെവി കൊടുക്കുന്നില്ല. യു.എസ് പ്രസിഡന്റ് സാധാരണ ഭരണാധികാരികളില്‍ ഒരാളായി ചുരുങ്ങിയിരിക്കുന്നു. അടുത്തിടെ ജോ ബൈഡന്‍ പശ്ചിമേഷ്യയില്‍ നടത്തിയ പര്യടനം തന്നെ പരിശോധിക്കാം. ജൂലൈ 13 മുതല്‍ 16 വരെ നീണ്ട സന്ദര്‍ശനത്തിനിടെ ഇസ്രാഈല്‍ അല്ലാതെ മേഖലയിലെ ഒരു രാജ്യവും അദ്ദേഹത്തെ പരിഗണിച്ചില്ല. യു.എസ് പ്രസിഡന്റായതിനു ശേഷം നടത്തിയ ആദ്യ പശ്ചിമേഷ്യന്‍ പര്യടനം കഴിഞ്ഞ് നിരാശനായാണ് ബൈഡന് മടങ്ങേണ്ടിവന്നത്. നയതന്ത്രതലത്തില്‍ നേരിയ ഇളക്കം പോലും ഉണ്ടായില്ല. ഇസ്രാഈലിലും അവഗണന പേറേണ്ടിവന്നു. നേരത്തെ എല്ലാം വാരിക്കോരി തന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരക്കാരനെ അവര്‍ക്ക് പുച്ഛമാണ്. ഫലസ്തീനികള്‍ക്ക് എത്രയോ മുമ്പ് തന്നെ അമേരിക്കയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട് ബൈഡനെയും അത്തരമൊരു കണ്ണോടെയാണ് കണ്ടത്. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി പേരിനൊരു ചര്‍ച്ച നടത്തിയെന്ന് മാത്രം. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയക്ക് ഉത്തേജനം പകരുന്ന പ്രസ്താവന പോലും ബൈഡനില്‍നിന്ന് ഉണ്ടായില്ല. പതിറ്റാണ്ടുകളായി നീറിപ്പുകയുന്ന സംഘര്‍ഷത്തിന് അയവു വരുത്താനുള്ള നീക്കങ്ങള്‍ക്ക്പകരം ഫലസ്തീനികള്‍ക്ക് 4ജി ഇന്റര്‍നെറ്റ് ഒരുക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

സഊദി അറേബ്യയിലും സ്വീകരണം ഊഷ്മളമായിരുന്നില്ല. ജിദ്ദയില്‍ സഈദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ച പരാജയമായിരുന്നു. ഉദ്ദേശിച്ചത് പലതും നേടിയെടുക്കാന്‍ സാധിക്കാതെയാണ് ബൈഡന്‍ സഊദി കൊട്ടാരം വിട്ടത്. ഇസ്രാഈലി വിമാനങ്ങള്‍ക്ക് സഊദി വ്യോമാതിര്‍ത്തിയിലുള്ള നിയന്ത്രണങ്ങള്‍ നീക്കുമെന്ന പ്രഖ്യാപനം മാത്രം മിച്ഛം. യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ എണ്ണ ക്ഷാമം മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഉച്ചകോടിയില്‍ അദ്ദേഹം സംസാരിച്ചത്. പക്ഷേ, എണ്ണ ഉത്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധിയില്‍ പാശ്ചാത്യ രാജ്യങ്ങളെ സഹായിക്കാന്‍ ജി.സി.സി രാജ്യങ്ങളാരും തയാറായില്ല. ഗള്‍ഫില്‍നിന്ന് എണ്ണയുടെ ഒഴുക്ക് കൂട്ടിയാല്‍ അമേരിക്കയിലും യൂറോപ്പിലും അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് ബൈഡന്റെ കണക്കുകൂട്ടല്‍. ഗള്‍ഫ് രാജ്യങ്ങളുടെ മനസ്സില്‍ അമേരിക്കക്കുണ്ടായിരുന്ന പഴയ പ്രതാപം നഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എണ്ണ ഉത്പാദനത്തില്‍ ഒരു തുള്ളി വര്‍ധനക്കും സമ്മതം മൂളിയില്ല.

റഷ്യക്കെതിരെയുള്ള പശ്ചാത്യ ഉപരോധത്തോടും അറബ് രാജ്യങ്ങള്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. യുക്രെയ്ന്‍ യുദ്ധത്തില്‍ പക്ഷം ചേരാനില്ലെന്ന് ഒമ്പത് രാജ്യങ്ങള്‍ തുറന്നടിച്ചു. യമന്‍ യുദ്ധം ഉള്‍പ്പെടെ മേഖലയെ വേട്ടയാടുന്ന പ്രശ്‌നങ്ങളില്‍ ബൈഡന് താല്‍പര്യമുണ്ടായിരുന്നില്ല. പകരം യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ കേന്ദ്രീകൃതമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അമേരിക്കയുടെ സ്വാര്‍ത്ഥത തിരിച്ചറിഞ്ഞ് അറബ് ലോകം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പര്യടനക്കാലത്ത് ബൈഡന് നേരിടേണ്ടിവന്ന തിരിച്ചടികള്‍ വ്യക്തമാക്കുന്നത്. ചൈനയുടെ സാമ്പത്തിക ഉയര്‍ച്ചയും അമേരിക്കയുടെ തളര്‍ച്ചയും റഷ്യയുടെ മേധാവിത്വ നീക്കങ്ങളും ഉണ്ടാക്കിയ പുതിയ ലോക സാഹചര്യങ്ങള്‍ ഗള്‍ഫിനെയും സ്വാധീനിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അമേരിക്ക തിരിച്ചറിഞ്ഞോ എന്ന് അറിയില്ല. ഏതായാലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ മേല്‍ക്കോയ്മക്ക് പിടികൊടുക്കാത്ത നവ ലോകക്രമമാണ് ഉരുത്തിരിയുന്നതെന്ന് വ്യക്തം.

Test User: