കോഴിക്കോട്: ലോറിസമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും ക്ഷാമത്തിന് സാധ്യത. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന ലോറികള്‍ സമരത്തിലാണ്. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ലോറികളുടെ വരവ് കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു. സമരം തുടര്‍ന്നാല്‍ പച്ചക്കറിയിനങ്ങള്‍ക്ക് താമസിയാതെ തന്നെ ക്ഷാമം തുടങ്ങും.
കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്നലെ ഏതാനും ലോറികള്‍ ചരക്കുമായി എത്തി. അരിയും പഞ്ചസാരയും പരിപ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങളും മൈദ, ഗോതമ്പ് എന്നിവയുമാണ് എത്തിയത്. കോഴിക്കോട് മാത്രം ദിനംപ്രതി അഞ്ഞൂറ് ലോറികള്‍ എത്തുന്നുണ്ട്. സമരം തുടര്‍ന്നാല്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുമെന്നാണ് സൂചന. കോഴിക്കോട് നിന്ന് കൊപ്ര, തേങ്ങ, റബ്ബര്‍ എന്നിവ കയറ്റിപ്പോകുന്നത് നിലച്ചു.
അനിയന്ത്രിത ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, അശാസ്ത്രീയ ടോള്‍ ഉപേക്ഷിക്കുക, തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആണ് അഖിലേന്ത്യാ വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ സമരം പൂര്‍ണമാണെന്ന് ലോറി ഓണേഴ്‌സ് ആന്റ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ ഹംസ പറഞ്ഞു.