X

ചര്‍ച്ച വീണ്ടും അലസി; ലോറിസമരം ശക്തമാകുന്നു

കോഴിക്കോട്: ഇന്‍ഷുറന്‍സ് പ്രീമിയര്‍ വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ലോറി സമരം തുടരും.

ഇന്നലെ ഹൈദരാബാദില്‍ നടന്ന മൂന്നാം ഘട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞതോടെ രാജ്യവ്യാപകമായി സമരം വ്യാപിപ്പിക്കാനാണ് ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് തീരുമാനം. സമരത്തില്‍ പങ്കെടുക്കാത്ത ചരക്ക് വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന തലത്തില്‍ സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കുമെന്നും ഫെഡറേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എം.ടി.സി പിന്തുണയോടെ സതേണ്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 30 മുതലാണ് ചരക്ക് വാഹനങ്ങള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
സമരത്തിലേര്‍പ്പെട്ട ലോറി ഉടമകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഹൈദരാബാദില്‍വച്ച് ഈ മാസം മൂന്നിനും ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടര്‍ന്ന് ഹൈദരാബാദില്‍ ചേര്‍ന്ന എ.ഐ.എം.ടി.സിയുടെ നേതൃയോഗമാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കില്‍ സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ വിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധനവുണ്ടായിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ആത്മാര്‍ത്ഥമായ ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ ഇല്ലാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

chandrika: