കോഴിക്കോട്: ലോറിസമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വരവ് കുറഞ്ഞു. എന്നാല്‍ ക്ഷാമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഗൂഡ്‌സ് വാഹനങ്ങളിലും മറ്റുമായാണ് പച്ചക്കറി ഇനങ്ങള്‍ എത്തുന്നത്. പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ചെറുവാഹനങ്ങളില്‍ ചരക്ക് എത്തിക്കുന്നതിന് ചെലവ് കൂടും. വാടക കൂടുന്നതാണ് പ്രശ്‌നം. ചെലവ് വര്‍ധിക്കുന്നതിന്റെ ഭാഗമായി വിപണിയില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്. തക്കാളിക്ക് 24 രൂപയായിരുന്നത് 29 മുതല്‍ 30 രൂപ വരെയാണ് റീട്ടെയില്‍ മാര്‍ക്കറ്റ് വില. വലിയഉള്ളിക്ക് നേരത്തെ 20 രൂപയായിരുന്നത് ഇന്നലെ 25 രൂപയായി. കാബേജ്, വെണ്ട, വഴുതന എന്നിവക്കും അഞ്ചുമുതല്‍ 15 രൂപവരെ വില കൂടി. വലിയങ്ങാടിയില്‍ ലോറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. നൂറിലധികം ലോറികള്‍ എത്തുന്ന വലിയങ്ങാടിയില്‍ ഇന്നലെ പതിനഞ്ച് ലോറികള്‍ മാത്രമാണ് എത്തിയത്. കോഴിക്കോട്ടേക്ക് പുറപ്പെട്ട പല ലോറികളും ഇതര സംസ്ഥാനകേന്ദ്രങ്ങളില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഇതുകാരണം വലിയങ്ങാടിയില്‍ വ്യാപാരമാന്ദ്യം അനുഭവപ്പെടുന്നു.
അരി, പരിപ്പ്, മുളക് എന്നിവക്ക് വില കൂടിയിട്ടില്ല. ഇവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം, സമരം നീണ്ടുപോയാല്‍ അരിക്കും പഞ്ചസാരക്കും മറ്റും ക്ഷാമം അനുഭവപ്പെടും. അരി വാഗണുകളില്‍ എത്തുന്നതിനാല്‍ സമരം കാര്യമായി ബാധിച്ചിട്ടില്ല. മൊത്തവിപണിയെ സമരം കാര്യമായി ബാധിക്കാന്‍ രണ്ടുദിവസം കൂടി കഴിയേണ്ടിവരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍, ഉള്‍പ്രദേശങ്ങളില്‍ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി സൂചനയുണ്ട്. കോഴിക്കോട്ടെ മൊത്തവിപണിയെ ആശ്രയിക്കുന്ന നാട്ടിന്‍പുറങ്ങളിലെ വ്യാപാരികള്‍ ഏതായാലും പ്രതിസന്ധി നേരിടുകയാണ്. പച്ചക്കറി ഇനങ്ങളും പലവ്യഞ്ജനങ്ങളും നാട്ടിലെത്തിക്കാന്‍ മാര്‍ഗമില്ലാത്തതാണ് വ്യാപാരികളെ വിഷമത്തിലാക്കുന്നത്. ഇതുകാരണം ഉപഭോക്താക്കളും വലയുകയാണ്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര ഗതാഗതവകുപ്പ് ഇടപെടണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് പി.വി നിധീഷ് ആവശ്യപ്പെട്ടു. ലോറി സമരം റേഷന്‍ വിതരണത്തെയും പ്രതികൂലമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് മൊത്തവിതരണ കേന്ദ്രത്തിലേക്കുള്ള ചരക്ക്‌നീക്കം നിലച്ചു. മൊത്തവിതരണകേന്ദ്രങ്ങളില്‍ നിന്ന് റേഷന്‍കടകളിലേക്ക് കൊണ്ടുപോകാനും ലോറി കിട്ടാത്ത അവസ്ഥയാണ്. ജൂലൈ മാസം വിതരണത്തിനുള്ള അരിയും ഗോതമ്പും മറ്റും ഇതിനകം എത്തിച്ച കടകളില്‍ വലിയ പ്രതിസന്ധിയില്ല. എന്നാല്‍ അരി വേണ്ടത്ര എത്താത്ത കടക്കാര്‍ക്ക് സമരം തീരുന്നതുവരെ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ റേഷന്‍കടകളിലൊന്നും സാധനങ്ങള്‍ എത്തിയിട്ടില്ല. കയറ്റിറക്ക് തൊഴിലാളികള്‍ വെറുതെവന്നു മടങ്ങുകയാണ്. വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികളും പണിയില്ലാതെ വിഷമിക്കുകയാണ്.