X

വൈകാരികമായി പ്രതികരിച്ചതിന് അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ലോറി ഉടമ മനാഫ്

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ലോറി ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ ഒരു തരത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ് പറഞ്ഞു. അങ്ങനെയുണ്ടോയെന്ന് ആര്‍ക്കു വേണമെങ്കിലും അന്വേഷിക്കാമെന്നും അങ്ങനെയുണ്ടെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായി പ്രതികരിച്ചതിന് അര്‍ജുന്റെ കുടുംബത്തോട് മനാഫ് മാപ്പുചോദിച്ചു. കുടുംബത്തിനെതിരെ നടക്കുന്ന് സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മനാഫ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും ദൗത്യത്തിന്റെ വിവരങ്ങള്‍ പലതും പങ്കുവെച്ചത് ഇതിലൂടെയാണെന്നും മനാഫ് പറഞ്ഞു. മാല്‍പെയുമായി ചേര്‍ന്ന് നാടകം കളിച്ചെന്ന് ആരോപിക്കുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ ബൈക്കുമായി ബന്ധപ്പെട്ട ആരോപണത്തിലും മനാഫ് പ്രതികരിച്ചു. ബൈക്ക് നന്നാക്കിയ പൈസ മുഴുവന്‍ നല്‍കിയത് അര്‍ജുന്‍ തന്നെയാണെന്നും വര്‍ക് ഷോപ്പില്‍ സ്ഥലമില്ലാത്തതിനാലാണ് തന്റെ വീട്ടില്‍ വെച്ചതെന്നും അദ്ദഹം പറഞ്ഞു.

അര്‍ജുന്റെ മൃതദേഹം കിട്ടിയതിന് ശേഷമാണ് വിവാദം തുടങ്ങിയതെന്നും വാഹന ഉടമ ആരാണെന്നതില്‍ ഉണ്ടായ സംശയമാണ് വിവാദത്തെ ഇതുവരെ എത്തിച്ചതെന്നും മനാഫ് പറഞ്ഞു. ആര്‍സി ഉടമ സഹോദരന്‍ മുബീന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുക്കത്തെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിരുന്നെന്നും പരിപാടി സംഘടിപ്പിച്ചവര്‍ തനിക്ക് തരാനിരുന്ന പണം വാങ്ങിയില്ലെന്നും ഒരു പണപ്പിരിവും നടത്തുകയില്ലെന്നും മനാഫ് പറഞ്ഞു. ഇന്‍ഷുറന്‍സ് തുക അര്‍ജുന്റെ കുടുംബത്തിന് നല്‍കണമെന്നുണ്ടായിരുന്നെന്നും അതിന് വേണ്ടിയാണ് അര്‍ജുന്റെ ശമ്പളത്തിന്റെ കാര്യം മാധ്യമങ്ങളിലൂടെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

webdesk17: