ന്യൂഡല്‍ഹി: പര്യുഷന്‍ ആഘോഷത്തിനായി പൂജ നടത്താന്‍ ജൈന ക്ഷേത്രങ്ങള്‍ക്ക് അനുമതി നല്‍കി സുപ്രിംകോടതി. ശ്രീ പാര്‍ശ്വതിലക് ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ജെയിന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മുംബൈ ദാദര്‍, ബൈകുള്ള, ചെമ്പൂര്‍ എന്നിവിടങ്ങളിലെ മൂന്ന് ക്ഷേത്രങ്ങള്‍ തുറക്കാനാണ് കോടതി വ്യവസ്ഥകളോടെ അനുമതി നല്‍കിയത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എസ്.എ ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്ഷേത്രം തുറക്കാന്‍ പ്രത്യേക നടപടിക്രമങ്ങള്‍ വേണമെന്ന് കോടതി ആവശ്യപ്പെട്ടു. പൂജയ്ക്ക് ആളു കൂടരുതെന്നും ഈ ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത് എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നേരത്തെ, ക്ഷേത്രം തുറക്കരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ക്ഷേത്രം തുറക്കാന്‍ അനുമതി നല്‍കരുത് എന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ് സിങ്‌വി ആവശ്യപ്പെട്ടു. ഒരാഘോഷത്തിന് അനുമതി നല്‍കിയാല്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വാദിച്ചു.
ഈ സമയത്ത് ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം നടന്നതുപോലെ, അഞ്ചു പേര്‍ മാത്രമാണ് കൂടുന്നത് എങ്കില്‍ അതില്‍ എന്താണ് തെറ്റ് എന്ന് കോടതി ചോദിച്ചു. സാമ്പത്തിക താത്പര്യങ്ങളുള്ള എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്. മതം വരുമ്പോള്‍ മാത്രം കോവിഡിനെ കുറിച്ച് സംസാരിക്കുകയാണ്- ബഞ്ച് പറഞ്ഞു.
ഈ വേളയില്‍ ഓരോ മതത്തെയും സംസ്ഥാനത്തെയും നിയന്ത്രിക്കുക അസാധ്യമാണ് എന്ന് സിങ്‌വി പറഞ്ഞു. ജൈനര്‍ക്ക് അനുമതി നല്‍കിയല്ലോ അതു കൊണ്ട് ഞങ്ങള്‍ക്കും വേണം എന്നു പറഞ്ഞ് ഓരോരുത്തരും വന്നാല്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ശരിയാണ്, കോടതി വിവേചനം കാണിക്കുന്നു എന്ന ആരോപണം വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഗന്നാഥ ഭഗവാന്‍ ഞങ്ങളോട് ക്ഷമിച്ചിരിക്കുന്നു. നിങ്ങളുടെ ദൈവവും പൊറുക്കും എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.