X

നീനുവിന്റെ സഹോദരനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; പ്രതിപട്ടികയില്‍ മാതാപിതാക്കളും

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. വിമാനത്താവളം വഴി ഇയാള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ഷാനു നാഗര്‍കോവിലില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പത്തനാപുരം വഴി പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ ഷാനു എത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു.

ഇതിനിടെ, നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹനയും ഒളിവിലായി. കെവിന്റെ മരണത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇവര്‍ ഒളിവില്‍ പോയത്.

ചാക്കോയെയും രഹനയെയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. ചാക്കോയും രഹനയും അറിഞ്ഞാണ് നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടക്കെടുക്കാന്‍ നിയാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീബി മാധ്യമങ്ങളോട് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്.

chandrika: