കൊല്‍ക്കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജീവിനെ കസ്റ്റഡിയില്‍വച്ച് ചോദ്യം ചെയ്യണമെന്നതാണ് സി.ബി.ഐയുടെ ആവശ്യം. അന്വേഷണത്തോടു സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മോദി രണ്ടാംതവണ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് മമതക്കെതിരെ കരുനീക്കങ്ങള്‍ ശക്തമാക്കിയത്.
വിമാനത്താവളങ്ങളിലും അതിര്‍ത്തിയിലെ സുരക്ഷാ ഏജന്‍സികളിലും രാജീവിനെതിരെയുള്ള സര്‍ക്കുലര്‍ എത്തിക്കഴിഞ്ഞു. രാജീവ് കുമാര്‍ രാജ്യം വിടുന്നതു തടയുന്നതിനു വേണ്ടിയാണിത്.
നേരത്തേ രാജീവിന് അറസ്റ്റില്‍ നിന്ന് സുപ്രീംകോടതി സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ നിയമപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശാരദാ റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍നശിപ്പിച്ചെന്നും രാഷ്ട്രീയരംഗത്തെ ഉന്നതവ്യക്തികളെ സംരക്ഷിച്ചെന്നുമാണ് രാജീവിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതുപ്രകാരം നേരത്തേ കോടതി ഉത്തരവ് വാങ്ങി സി.ബി.ഐ രാജീവിനെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ വിളിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.