കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഒരാള്‍ ഔദ്യോഗികമായി രോഗമുക്തനായി. എന്നാല്‍ കോവിഡിന്റെ സ്വാധീനവും ശരീരത്തിലെ വൈറസ് ലോഡും പിന്നെയും ദിവസങ്ങള്‍ ശരീരത്തില്‍ നീണ്ടു നില്‍ക്കും. ചുരുക്കം ചിലരില്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷവവും കോവിഡ് ലക്ഷണങ്ങള്‍ വിട്ടുമാറില്ല. ഇതിനെയാണ് ദീര്‍ഘകാല കോവിഡ് അഥവാ ലോങ്ങ് കോവിഡ് എന്ന് പറയുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സിന്റെ അഭിപ്രായം അനുസരിച്ച് ദീര്‍ഘകാല കോവിഡ് 12 ആഴ്ചയിലധികം നീണ്ടു നില്‍ക്കാം. എന്നാല്‍ എട്ടാഴ്ചയില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നാലും ദീര്‍ഘകാല കോവിഡായി പരിഗണിക്കാമെന്ന് മറ്റ് ചില പഠനങ്ങള്‍ പറയുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്ക് പ്രകാരം അഞ്ചില്‍ ഒരു കൊറോണ വൈറസ് രോഗിയും അഞ്ച് ആഴ്ചയില്‍ അധികം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.
മുടികൊഴിച്ചില്‍, ക്ഷീണം, പേശികളുടെ ദുര്‍ബലത, ഉറക്ക പ്രശ്നം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് ദീര്‍ഘകാല കോവിഡ് വന്നവരില്‍ കാണപ്പെട്ട പ്രധാന ലക്ഷണങ്ങള്‍. പഠനത്തില്‍ നിരീക്ഷണ വിധേയമാക്കിയ ദീര്‍ഘകാല കോവിഡ് രോഗികളില്‍ 22 ശതമാനത്തിനാണ് മുടി കൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 26 ശതമാനം പേര്‍ക്ക് ഉറക്കപ്രശ്നങ്ങളും ഉത്കണ്ഠയും നിരീക്ഷിക്കപ്പെട്ടപ്പോള്‍ 23 ശതമാനം പേരില്‍ വിഷാദരോഗം പ്രത്യക്ഷപ്പെട്ടു.