കൊറോണ വൈറസ് ഏറ്റവും അധികം ദുരിതം സമ്മാനിക്കുന്നത് ദീര്‍ഘകാല കോവിഡ് രോഗികള്‍ക്കാണ്. ആഴ്ചകളും മാസങ്ങളും പിന്നിട്ടാലും മാറാത്ത രോഗ ലക്ഷണങ്ങള്‍ ഇവരുടെ ജീവിതം തന്നെ താറുമാറാക്കുന്നു. ആകെ കോവിഡ് ബാധിതരുടെ 10 ശതമാനത്തോളം വരും ദീര്‍ഘ കാല കോവിഡ് രോഗികളെന്നു കണക്കാക്കുന്നു.
എന്തു കൊണ്ടാണ് ചിലരെ മാത്രം കോവിഡ് ഇങ്ങനെ വിടാതെ പിന്തുടരുന്നത് എന്നതിനെ സംബന്ധിച്ചു വ്യക്തമായ വിശദീകരണമില്ലെങ്കിലും ഒരാള്‍ ദീര്‍ഘ കാല കോവിഡ് രോഗിയാകുമോ എന്ന് പ്രവചിക്കാന്‍ സഹായിക്കുന്ന ചില രോഗ ലക്ഷണങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
നേച്ചര്‍ മെഡിസിന്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ദീര്‍ഘകാല കോവിഡ് രോഗികള്‍ അണുബാധയുടെ ആദ്യ ആഴ്ചകളില്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ട്.
ക്ഷീണം
അതിഭീകരമായ ക്ഷീണം, തളര്‍ച്ച എന്നിവയെല്ലാം ദീര്‍ഘകാല കോവിഡിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ലക്ഷണങ്ങളാണ്. ഇതു പരിഹരിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം. വൈറസിനെതിരെ പ്രതിരോധ സംവിധാനം ഉയര്‍ത്തി വിടുന്ന സൈറ്റോകീന്‍ തരംഗവും ക്ഷീണത്തിന് കാരണമാകാം.
പരുക്കന്‍ ശബ്ദം
പരുക്കന്‍ ശബ്ദം, തൊണ്ടവേദന, ചുമ എന്നിവയെല്ലാം അണുബാധയുടെ ആദ്യഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങളാണ്. വൈറസ് തൊണ്ടയെയും ശ്വാസനാളിയെയും ആക്രമിച്ചു തുടങ്ങുമ്പോഴാണ് അണുബാധയെ തുടര്‍ന്ന് ശബ്ദത്തില്‍ വ്യത്യാസം പ്രകടമാകുക. ഇതും ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.
ശ്വാസംമുട്ടല്‍
കോവിഡിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന ലക്ഷണങ്ങളാണ് ശ്വാസതടസ്സവും ശ്വാസംമുട്ടലും. ദീര്‍ഘകാല കോവിഡ് ശ്വാസകോശത്തിനുള്ളിലെ വായു അറകള്‍ക്ക് ക്ഷതമുണ്ടാക്കും. ഇത്തരം രോഗികള്‍ക്ക് പലപ്പോഴും വെന്റിലേറ്റര്‍ സഹായം വേണ്ടി വരാറുണ്ട്.
പേശി വേദന
വൈറസ് മസില്‍ ഫൈബറുകളെ ആക്രമിച്ചു തുടങ്ങുമ്പോഴാണ് പേശി വേദനയും ശരീര വേദനയും ഒക്കെ ഉണ്ടാകുന്നത്. കടുത്ത കോവിഡ് രോഗികള്‍ക്ക് അതി കഠിനമായ പുറംവേദന, ശരീര വേദന, പേശി വേദന, സന്ധി വേദന തുടങ്ങിയവ മാസങ്ങളോളം നിലനില്‍ക്കാം. ദീര്‍ഘകാല പരിചരണവും വ്യായാമവും ശരീരത്തിന്റെ കരുത്ത് വീണ്ടെടുക്കാന്‍ സഹായിക്കും.
തലവേദന
കൊറോണ വൈറസ് അണുബാധയുടെ പൊതുവായ ലക്ഷണങ്ങളില്‍ ഒന്നാണ് തലവേദന. കോവിഡ് തലവേദനകള്‍ സാധാരണ തലവേദനയെക്കാള്‍ തീവ്രവും ചിലപ്പോള്‍ തലയുടെ ഒരു വശം കേന്ദ്രീകരിച്ചുള്ളതുമാണ്.72 മണിക്കൂറില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്നതും വേദനസംഹാരി കഴിച്ചിട്ടും മാറാത്തതുമായ തലവേദന അനുഭവപ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്.