ലണ്ടന്‍: തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ബ്രിട്ടീഷ് ഇമാമുമാര്‍. ലണ്ടനില്‍ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇസ്്‌ലാമികാചാര പ്രകാരം സംസ്‌കരിക്കാനും ജനാസ നമസ്‌കാരം നിര്‍വഹിക്കാനും ബ്രിട്ടനിലെ 130ലേറെ ഇമാമുമാരും മുസ്്‌ലിം നേതാക്കളും വിസമ്മതിച്ചു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മൂന്ന് അക്രമികളും ഇസ്്‌ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവും നിതീകരിക്കാനാവാത്തതുമായ പ്രവൃത്തിയാണ് ചെയ്തതെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയും ബറോ മാര്‍ക്കറ്റില്‍ കത്തിയെടുത്ത് കുത്തിയും അക്രമികള്‍ ഏഴു പേരെ കൊലപ്പെടുത്തിയിരുന്നു. തീവ്രവാദികളെ പിന്നീട് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. പാക്് വംശജനായ ഖുറം ഭട്ട്, റാഷിദ് റെഡോനെ, മൊറോക്കന്‍ വംശജനായ ഇറ്റാലിയന്‍ പൗരന്‍ യൂസുഫ് സഗ്ബ എന്നിവരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന 12 പേരെയും ചോദ്യംചെയ്ത ശേഷം വെറുതെവിട്ടു. ബാര്‍കിനില്‍നിന്ന് പിടികൂടിയ 27കാരനെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ലണ്ടനിലെ റോയല്‍ ലണ്ടന്‍ ആസ്പത്രിയിലും എന്‍.എച്ച്.എസ് ആസ്പത്രിയിലും ചികിത്സയിലാണ്. 15 പേര്‍ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. യൂസുഫ് സബ്ഗ ഇന്റലിജന്‍സിന്റെ നിരീക്ഷണ പട്ടികയിലുള്ള ആളായിരുന്നുവെന്ന് ഇറ്റാലിയന്‍ പൊലീസ് സ്ഥിരീകരിച്ചു. ബ്രിട്ടനുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. 2016 മാര്‍ച്ചില്‍ ഇറ്റാലിയന്‍ പൊലീസ് ബൊലോഗ്ന ആസ്പത്രിയില്‍ ഇയാളെ തടയുകയും ഐ.എസുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.