കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡി.എഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ് (മാണി), ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്), സി.എം.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ കക്ഷി നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവരാണ് വിവിധ ഘടക കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മഹാജനയാത്രയുള്ളതിനാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല. ആദ്യഘട്ട ചര്‍ച്ചയാണ് ഇന്ന് കഴിഞ്ഞതെന്നും ചര്‍ച്ച തുടരുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയും ചര്‍ച്ചയുണ്ടാവും. ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും രണ്ടാം ഘട്ട ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച പുരോഗമിക്കുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് എം.കെ മുനീറും യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ പ്രതീക്ഷയുള്ളതായി മറ്റു ഘടക കക്ഷി നേതാക്കളും അഭിപ്രായപ്പെട്ടു. വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ച് കെ.എം മാണി, പി.ജെ ജോസഫ്, ജോസ് കെ മാണി, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂൂര്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍, ജി.ദേവരാജ് എന്നിവര്‍ പങ്കെടുത്തു.
മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസും നിലവിലുള്ളതിനേക്കാള്‍ ഓരോ സീറ്റ് അധികം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുമായുള്ള ചര്‍ച്ച തുടരുമെന്നും യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് ഒന്നിന് കോഴിക്കോട് വച്ചായിരിക്കും മുസ്‌ലിംലീഗുമായുള്ള ചര്‍ച്ച. മാര്‍ച്ച് മൂന്നിന് എറണാകുളത്ത് കേരള കോണ്‍ഗ്രസ് (മാണി) നേതാക്കളുമായും ചര്‍ച്ച നടത്തും. രണ്ടു യോഗത്തിലും കെപിസിസി പ്രസിഡന്റും പങ്കെടുക്കും. നിലവില്‍ ആര്‍.എസ്.പിയുടെ കയ്യിലുള്ള കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ആര്‍.എസ്.പി തന്നെ പ്രഖ്യാപിക്കും. മാര്‍ച്ച് മൂന്നോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നാലിന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ചേരും. കോണ്‍ഗ്രസിന്റെ സീറ്റു ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജനാധിപത്യ മുന്നണിയാണ്. ഇടതുമുന്നണിയെ പോലെ ഏകാധിപത്യ മുന്നണിയല്ല. ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സമാധാനപരമായ ചര്‍ച്ചയായിരുന്നു ഇന്നത്തേത്. ഒറ്റക്കെട്ടായി ഒരുമിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടും. ഒറ്റ ദിവസം കൊണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാകണമെന്നില്ലെന്നും തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.