തിരുവനന്തപുരം: 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനം നാളെ പോളിംഗ് രേഖപ്പെടുത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 2,61,51,534 പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്. മേയ് 23-നാണ് വോട്ടെണ്ണല്‍. മൂന്നാം ഘട്ടമായ നാളെ കേരളത്തോടൊപ്പം മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഗുജറാത്തിലാണ്. 26 സീറ്റുകള്‍. കര്‍ണാടകത്തിലെ 14 മണ്ഡലങ്ങളും നാളെ വിധിയെഴുതും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നാളെയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
മൂന്നാംഘട്ട വോട്ടെടുപ്പിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വിധിയെഴുതുന്നത്. ഇതായിരിക്കും ഇന്ത്യയുടെ അടുത്ത ഭരണത്തെ നിര്‍ണ്ണയിക്കുന്നത്. വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മത്സരിക്കുന്നത്.