X
    Categories: CultureNewsViews

തിരിച്ചറിവോടെ തിരിച്ചുപിടിക്കാന്‍


കെ.എ സിദ്ദീഖ്

നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ 57 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും അതിലേറെപേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും കാര്‍ഷിക കടക്കെണി മൂലം എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ച് പിടിക്കും. കഴിഞ്ഞ തവണ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കൈപ്പിഴവ് എന്ന പോലെ യു.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും കസ്തൂരി രംഗന്റെയും പേര് പറഞ്ഞ് ഇടുക്കി ജില്ലക്കാരെ വഞ്ചിച്ച ഇടത് മുന്നണിക്കും സിറ്റിംഗ് എം.പിക്കും ബാലറ്റിലൂടെ മറുപടി പറയാന്‍ ഒരുങ്ങുകയാണ് ജില്ല. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല, എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കോതമംഗലം ഉള്‍പ്പെടുന്ന ഏഴ് നിയോജകമണ്ഡലങ്ങളാണ് ഈ പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്.
യു.ഡി.എഫിന്റെ ശക്തനായ വക്താവും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട യുവ പോരാളിയുമായ അഡ്വ. ഡീന്‍ കുര്യാക്കോസാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം.പിയും ഇടത് സ്വതന്ത്രനുമായ അഡ്വ. ജോയിസ് ജോര്‍ജ്ജ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടുന്നു. എന്‍.ഡി.എ യുടെ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസിലെ ബിജു കൃഷ്ണനും മല്‍സര രംഗത്തുണ്ട്. പ്രളയത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയും കൃഷിനാശവും എട്ട് കര്‍ഷകരുടെ ആത്മഹത്യകളും പ്രധാന ചര്‍ച്ചയാകുന്ന ഇടുക്കിയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് കുംഭചൂടിനെ വെല്ലുന്ന ചൂടാണ്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയോര ജനതയുടെ അതിജീവനത്തിന്റെ പോരാട്ടമാകും വിധിയെഴുത്തില്‍ നിര്‍ണായകമാകുക.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ ഇടുക്കി ലോക്‌സഭാ മണ്ഡലം ഒന്നോ രണ്ടോ തവണ മാത്രമാണ് ഇതിനൊരപവാദമായി മാറിയത്.
ഇടുക്കി ലോക്‌സഭാ മണ്ഡലം രൂപീകൃതമായ 1977 മുതലുള്ള തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാല്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം തെരഞ്ഞെടുപ്പുകളിലും വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ഏഴു നിയമസഭ മണ്ഡലങ്ങളില്‍ തൊടുപുഴയും ഇടുക്കിയും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ മറ്റു അഞ്ചു മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലെന്നും ഇക്കുറി ഇടുക്കിയിലെ ജനത തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പൂര്‍ണ്ണ പ്രതീക്ഷയിലുമാണ് യുഡിഎഫ്.
ഇഎസ്എ,ഉപാധിരഹിത പട്ടയം എന്നീ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം കാണാന്‍ കഴിയാത്ത എല്‍.ഡി.എഫിനെതിരെയും ഇത്തരം പ്രശ്‌നങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട ജനോപകാര നടപടികളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് മുതല്‍ക്കൂട്ടാകും.
ഇടുക്കി ലോക്‌സഭാ മണ്ഡലം 1977 ലാണ് രൂപീകരിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ പത്തനംതിട്ട ജില്ലയിലെ റാന്നി, പത്തനംതിട്ട നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇടുക്കി മണ്ഡലം. പിന്നീട് 2009-ല്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനക്രമീകരണം വന്നപ്പോള്‍ മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലം ഇല്ലാതാകുകയും അവിടുത്തെ മൂവാറ്റുപുഴ,കോതമംഗലം നിയോജകമണ്ഡലങ്ങള്‍ ഇടുക്കിയോട് ചേര്‍ക്കുകയും ചെയ്തു. പകരം റാന്നി,പത്തനംതിട്ട മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തോടും ചേര്‍ത്തു. നിലവില്‍ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. 1977ലെ ഇടുക്കിയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി.എം.സ്റ്റീഫനായിരുന്നു വിജയം.79357 വോട്ടുകള്‍ക്ക് ഇടതു സ്ഥാനാര്‍ഥി എന്‍.എം.ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനൊപ്പം നിന്നു. സിപിഎം നേതാവ് എം.എം.ലോറന്‍സ് കേരള കോണ്‍ഗ്രസിലെ ടി.എസ്.ജോണിനെയാണ് പരാജയപ്പെടുത്തിയത്. 1984ല്‍ പ്രഫ.പി.ജെ.കുര്യനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.സിപിഐ നേതാവ് സി.എ.കുര്യനെതിരെ 1,30,624 വോട്ടിനായിരുന്നു വിജയം. 1989ല്‍ കോണ്‍ഗ്രസിലെ പാലാ കെ.എം.മാത്യു വിജയിച്ചു. സിപിഎമ്മിലെ എം.സി.ജോസഫൈനെയാണ് പരാജയപ്പെടുത്തിയത്. 1991ലും പാലാ കെ.എം.മാത്യുവിനു തന്നെയായിരുന്നു വിജയം. 1996ല്‍ കോണ്‍ഗ്രസിലെ എ.സി.ജോസ് വിജയിച്ചു. കേരളാ കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയത്.1998ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി.ചാക്കോ വിജയിച്ചു.എല്‍എഡിഎഫിലെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയതെങ്കിലും ഭൂരിപക്ഷം 6350 മാത്രമായിരുന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സീറ്റ് തിരിച്ചുപിടിച്ചു. പി.ജെ കുര്യനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജാണ് മണ്ഡലം ഇടതു മുന്നണിക്കൊപ്പമാക്കിയത്. 2004ലും വിജയം ഇടതു മുന്നണിക്കൊപ്പമായിരുന്നു. ബെന്നി ബഹന്നാനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലം നിലനിര്‍ത്തി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2014-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇടതു സ്വതന്ത്രനായി ജോയ്‌സ് ജോര്‍ജും തമ്മിലായിരുന്നു മത്സരം. ജോയ്‌സ് ജോര്‍ജ് വിജയിച്ച് വീണ്ടും മണ്ഡലം ഇടതുമുന്നണിക്കൊപ്പമെത്തിച്ചു. ഇത്തവണ തെരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടം മുതല്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും നിയോജക മണ്ഡല കണ്‍വന്‍ഷനുകളും വമ്പിച്ച ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച യു.ഡി.എഫ് ഇത്തവണ ഇടുക്കി പാര്‍ലമെന്റ് മണ്ഡലം വന്‍ ഭൂരി പക്ഷത്തോടെ തിരിച്ചുപിടിക്കുമെന്ന് ഉറപ്പാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: