X
    Categories: indiaNews

സഭയില്‍ നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ അനുരാഗ് താക്കൂര്‍; ഏതാണീ ഈ രണ്ട് ബിറ്റ് പയ്യനെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: നെഹ്റു-ഗാന്ധി കുടുംബത്തെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ലോക്സഭയില്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍, പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് ലോക്‌സഭ മന്ത്രി അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ആരംഭിച്ചതെന്ന, ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനക്ക് പിന്നാലെ വന്‍ പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ലോക്‌സഭ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പി.എം കെയര്‍ ഫണ്ടിന് സുതാര്യതിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി പി.എം കെയര്‍ ഫണ്ടിനെ അനൂകൂലിച്ചുക്കൊണ്ട് അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

‘ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ, എല്ലാ കോടതികളും പിഎം-കെയര്‍സ് ഫണ്ടില്‍ സംഭാവന നല്‍കിയെന്നും. ചെറിയ കുട്ടികള്‍ അവരുടെ കുഞ്ചികള്‍ പൊട്ടിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഫണ്ട് നെഹ്റുവിന്റെ പേരിലുണ്ടെന്നും, നിങ്ങള്‍ (കോണ്‍ഗ്രസിന്)ക്ക് മാത്രമുള്ള ഗാന്ധി കുടുംബത്തിന്റെ ഒരു ട്രസ്റ്റാണിതെന്നുമായിരുന്നു, കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. സോണിയ ഗാന്ധി ചെയര്‍മാനായ ട്രെസ്റ്റിനെ കുറിച്ച് അന്വേഷിക്കണമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അനാവശ്യ വിഷയത്തില്‍ നെഹ്‌റുവിനെ കൊണ്ടുവരുന്ന ബിജെപി രീതിക്കെതിരെ ഇതോടെ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്‍) എവിടെ നിന്നാണ് വന്നതെന്നും ” മന്ത്രി താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു.
‘നെഹ്റു എങ്ങനെയാണ് ഈ സംവാദത്തില്‍ വന്നത്? ഞങ്ങള്‍ (പ്രധാനമന്ത്രി) നരേന്ദ്ര മോദിയുടെ പേര് പറഞ്ഞോ? ഏതാണ് ഈ രണ്ട് ബിറ്റ് പയ്യന്‍? ചൗധരി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു.

ഇതോടെ, ലോകസഭ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ 30 മിനുട്ട് നിര്‍ത്തിവെച്ചു.  ഇരു പക്ഷങ്ങളും തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ ആരംഭിച്ചതിനെ പിന്നാലെയാണ് സ്പീക്കര്‍ സമ്മേളനം കുറച്ചു സമയത്തേക്ക് നിര്‍ത്തിവെച്ചത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

chandrika: